ലണ്ടൻ: റംസാൻ മാസത്തിൽ ബ്രിട്ടണിലെ വേക്ക്ഫീൽഡിലെത്തി ഖുറാൻ കത്തിക്കുമെന്ന് ഡാനിഷ്- സ്വീഡിഷ് വലതുപക്ഷ നേതാവ് റാസ്മസ് പലൂദൻ. ബ്രിട്ടണിൽ ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിനായാണ് താൻ ബ്രിട്ടണിൽ എത്തുന്നതെന്ന് പലൂദൻ ട്വീറ്റ് ചെയ്തു.
എന്നാൽ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പലൂദന് ബ്രിട്ടണിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ബ്രിട്ടീഷ് സുരക്ഷാവകുപ്പ് മന്ത്രി ടോം ട്യൂഗെൻഡ്ഹാറ്റ് പറഞ്ഞു. പലൂദന്റെ ഖുറാൻ കത്തിക്കൽ പ്രഖ്യാപനം രാജ്യത്ത് രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്ന് ലേബർ പാർട്ടി എം പി സൈമൺ ലൈറ്റ്വുഡ് ബ്രിട്ടീഷ് പാർലമെന്റിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് എന്നാണ് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ റാസ്മസ് പലൂദൻ ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീഡനെതിരായ തുർക്കിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പലൂദന്റെ ഖുറാൻ കത്തിക്കൽ.
Discussion about this post