റാഞ്ചി: ജാർഖണ്ഡിൽ രാമനവമി ഘോഷയാത്രകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലി നിയമസഭയിൽ രൂക്ഷബഹളം. സംസ്ഥാനം ഭരിക്കുന്നത് താലിബാൻ ആണോ എന്ന് ബിജെപി ചോദിച്ചു. ഘോഷയാത്രയിൽ സംഗീതം അനുവദിക്കണമെന്ന് ബിജെപി നിയമസഭാംഗമായ മനീഷ് ജയ്സ്വാൾ ആവശ്യപ്പെട്ടു. ഘോഷയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് തന്റെ മണ്ഡലമായ ഹസാരിബാഗിൽ ഉപവാസം നടത്തുന്നവർക്കെതിരെ വ്യാജ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായും ജയ്‌സ്വാൾ ആരോപിച്ചു.
ഹസാരിബാഗിലെ രാമനവമി ഘോഷയാത്രയുടെ 104 വർഷത്തെ പാരമ്പര്യം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു. ” ഇത് താലിബാൻ ഭരിക്കുന്ന സംസ്ഥാനമാണോ, ഇവിടെ ആളുകൾക്ക് താമസിക്കാനാകുമോ? നൂറിലധികം വർഷത്തെ പാരമ്പര്യം തകർക്കാനാണ് ഇപ്പോഴത്തെ സർക്കാരിന്റെ ശ്രമമെന്നും” ജയ്‌സ്വാൾ പറയുന്നു. പിന്നാലെ നിയമസഭയിൽ വലിയ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
രാമനവമി ഘോഷയാത്രകളിൽ റെക്കോർഡ് ചെയ്ത സംഗീതം വയ്ക്കുന്നത് നിരോധിച്ചുള്ള സർക്കാർ ഉത്തരവിനെതിരെ നൂറുകണക്കിന് ആളുകൾ ഹസാരിബാഗിൽ റാലി നടത്തിയിരുന്നു. എന്നാൽ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുണ്ടെന്നും, സംഗീതം വയ്ക്കുന്നതിന് കോടതികളിൽ നിന്ന് പോലും വിലക്കുണ്ടെന്നുമാണ് ഭരണപക്ഷ അംഗങ്ങളുടെ വാദം.
Discussion about this post