തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർ തോന്നിയത് പോലെ പുറത്ത് പോകുന്നത് തടയാൻ കൊണ്ടു വന്ന ആക്സസ് കണ്ട്രോൾ സംവിധാനത്തിനെതിരെ നിലപാടുമായി സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ. ആക്സസ് കണ്ട്രോൾ സംവിധാനത്തെ ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സംഘടനകൾ നിലപാട് അറിയിച്ചത്. എതിർപ്പിൽ മുന്നിലുള്ളത് ഇടത് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ്.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ആക്സസ് കണ്ട്രോൾ സംവിധാനം കൊണ്ടു വരാൻ തീരുമാനിച്ചിരിക്കുന്നത്. പഞ്ച് ചെയ്ത് സെക്രട്ടറിയേറ്റിൽ കയറിക്കഴിഞ്ഞാലും ഉദ്യോഗസ്ഥരെ ഇരിപ്പിടത്തിൽ കാണാനില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, പുതിയ സംവിധാനം പിൻവലിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് സർവീസ് സംഘടനകൾ നൽകുന്നത്. ജീവനക്കാരെ മുറിക്കുള്ളിൽ അടച്ചിടാനുള്ള ഐ എ എസ് ലോബിയുടെ നീക്കമാണ് ഇതെന്നാണ് ഇടത് അനുകൂല സംഘടനകളുടെ വാദം.
എന്നാൽ സംഘടനകൾ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ, നയത്തിലുള്ള സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. രണ്ടുമാസത്തെ പരീക്ഷണ കാലത്ത് പരാതികൾ തീർപ്പാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
Discussion about this post