മലപ്പുറം : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെപി ജോയ് ആണ് പോക്‌സോ നിയമ പ്രകാരം ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം സാധാരണ തടവും അനുഭവിക്കണം. പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിലാണ് സംഭവം.
2013 -ലാണ് കേസിന് ആസ്പദമായ സംഭവം. 11 വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെയാണ് ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ അമ്മ ഗൾഫിലായിരുന്ന സമയത്തായിരുന്നു അതിക്രമം. സംഭവത്തിൽ പൂക്കോട്ടുംപാടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
ഭർത്താവിനെ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാവ് മൊഴി മാറ്റി പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴി മുഖവിലക്കെടുത്താണ് കോടതിയുടെ വിധി. പ്രതി പിഴ അടയ്ക്കുന്ന തുക അതിജീവിതക്ക് നൽകുന്നതാണ്. പെൺകുട്ടിക്ക് നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസാണ് ഹാജരായത്.
Discussion about this post