ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിൻറെ തീയതി മാറ്റി. 26ാം തിയതിയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുക. ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള രണ്ട് കുങ്കിയാനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷകൾ നടക്കുന്നതുമാണ് തിയതി മാറ്റാൻ കാരണം.
കുഞ്ചു, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് ഇനി എത്താനുള്ളത്. ഇവ നാളെ വയനാട്ടിൽ നിന്നും തിരിക്കും. 71 അംഗ സംഘം 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം നടപ്പാക്കുക. ദൗത്യസംഘത്തിന്റെ തലവനായ ഡോ അരുൺ സഖറിയ നാളെ എത്തും. 25ാം തിയതി ശനിയാഴ്ച മോക്ഡ്രിൽ നടത്തിയതിന് ശേഷം 26ന് അരിക്കൊമ്പനെ പിടികൂടാനാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ അരിക്കൊമ്പന്റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ദൗത്യത്തിന്റെ ഭാഗമായ വിക്രം, സൂര്യൻ എന്നീ കുങ്കിയാനകളെ കഴിഞ്ഞ ദിവസം തന്നെ എത്തിച്ചിരുന്നു, കുങ്കിയാനകളെ കൂടി ഉൾപ്പെടുത്തിയാണ് മോക്ഡ്രിൽ നടത്തുക. മയക്കുവെടി കൊണ്ട ആന ഡാമിന്റെ ഭാഗത്തേക്ക് ഓടിയാൽ അത് തടയുന്നതിന് വേണ്ടി ഒരു കുങ്കിയാനയെ നിയോഗിക്കും. അരിക്കൊമ്പനെ സിമന്റ് പാലം, 301 കോളനി ഭാഗത്തേക്ക് എത്തിച്ച ശേഷം മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്റെ ശ്രമം.
ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ബോധവത്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും. വീടുകളിൽ വാർഡ് മെമ്പർമാർ നേരിട്ടു ചെന്ന് വിവരങ്ങൾ ധരിപ്പിക്കും. ദൗത്യദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പോലീസിന്റെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് അഭ്യർത്ഥിക്കുന്നത്. ശനിയാഴ്ച മൈക്ക് വഴിയുള്ള അനൗൺസ്‌മെന്റും നടത്തും. മലയാളത്തിനും തമിഴിനും പുറമെ ഗോത്രവർഗഭാഷയിലും അനൗൺസ്‌മെന്റ് നടത്താനാണ് തീരുമാനം.
Discussion about this post