തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. എത്രത്തോളം വർധനവ് ഉണ്ടാകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറവാണെന്ന വാദമുയർത്തിയാണ് വർധന നടപ്പാക്കുന്നത്.
കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റർ വരെയുള്ള ചെറുകിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നൽകുന്നത്. കെട്ടിട ഉടമസ്ഥരുടേയും കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുന്നവരുടേയും എംപാനൽഡ് എഞ്ചിനീയർമാരുടേയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും.
അതേസമയം ഇന്ധന സെസ്, കെട്ടിട നികുതി, മദ്യവില തുടങ്ങീ ബജറ്റിലെ നികുതി വർധന നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കൂട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഫീസ് ഇനത്തിൽ സ്‌ക്വയർ മീറ്ററിന് ആയിരം രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്നുണ്ടെന്നും, കേരളത്തിലെ നഗരസഭകളിൽ ഇത് 15 രൂപ മാത്രമാണെന്നുമാണ് സർക്കാരിന്റെ വാദം.
Discussion about this post