കൊച്ചി; അരിക്കൊമ്പനെ പിടിക്കാനുളള ദൗത്യം നിർത്തിവെക്കണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിൽ രാത്രി എട്ട് മണിയോടെ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി ഉത്തരവ്. ഈ മാസം 29 വരെ ദൗത്യം നിർത്തിവെക്കണമെന്നാണ് ഉത്തരവ്. 29 ന് കോടതി വിഷയം വീണ്ടും പരിഗണിക്കും. ഉത്തരവിന്റെ പശ്ചാത്തലത്തിൽ വെളളിയാഴ്ച കോട്ടയത്ത് വനംവകുപ്പിന്റെ ഉന്നതതല യോഗം ചേരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. രാത്രി എട്ട് മണി മുതൽ 9.20 വരെയായിരുന്നു പ്രത്യേക സിറ്റിങ്. ജസ്റ്റീസുമാരായ ജയശങ്കരൻ നമ്പ്യാർ, വിജു ഏബ്രഹാം എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
നേരത്തെ കോവളത്ത് ഒരു നായയോട് ക്രൂരത കാണിച്ച വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് മറ്റ് മൃഗങ്ങളോടുളള ക്രൂരതയും നാട്ടാനകളോടുളള ക്രൂരതയും ഈ വിഷയത്തിൽ ഉൾപ്പെടുത്തി. ഇതിനായി കോടതി അമിക്വസ് ക്യൂറിമാരെയും നിയോഗിച്ചിരുന്നു. ഇവരാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്.
വന്യമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക പോയിന്റിലാണ് വിധിയെന്നും ഭരണകൂടത്തിന്റെ ബാദ്ധ്യത കോടതിയെ ബോധിപ്പിക്കാൻ ശ്രമിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അ്ന്തിമ വിധിയല്ലാത്തതിനാൽ 29 ന് കേസ് പരിഗണിക്കുമ്പോൾ സർക്കാർ വാദം അവതരിപ്പിക്കാനാണ് ആലോചന.
ചിന്നക്കനാലിലെ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആശങ്കയകറ്റാൻ കൂടുതൽ വാർഡൻമാരെയും ഉദ്യോഗസ്ഥരെയും നിയോഗിച്ച് പരിരക്ഷ ഉറപ്പാക്കും. ജനങ്ങളുടെ രക്ഷയ്ക്കായി എന്തൊക്കെ നടപടികളാണോ സ്വീകരിക്കേണ്ടത് അത് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശരിയായ നിർദ്ദേശങ്ങളും നടപടികളും പ്രാവർത്തികമാക്കിയാണ് അരിക്കൊമ്പനെ പിടികൂടാൻ നീക്കങ്ങളുമായി മുന്നോട്ടു പോയത്. കൊണ്ടുപോകുന്ന വഴിയിൽ പോലീസ് എസ്‌കോർട്ടും ആംബുലൻസും ഉൾപ്പെടുത്തി സമഗ്രമായ പ്ലാനിങ് ആണ് നടത്തിയതെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണത്തിന് സാദ്ധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന കാട്ടാനയാണ് അരിക്കൊമ്പൻ. ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് കഴിഞ്ഞ ദിവസം അനുമതി നൽകി ഉത്തരവായിരുന്നു. അടുത്ത ദിവസം മയക്കുവെടിവെക്കാനുളള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുൻപോട്ടു പോകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിന് മുന്നോടിയായി നടത്താനിരുന്ന മോക് ഡ്രിൽ ഉൾപ്പെടെയുളള സംഭവങ്ങൾ കോടതി വിധിയുടെ പശ്ചാത്തലത്തിൽ നീട്ടിവെയ്ക്കും.
ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യത്തിൽ ആനയെ പിടികൂടാനായി കഴിഞ്ഞ ദിവസം വിക്രം എന്ന കുങ്കിയാനയെ എത്തിച്ചിരുന്നു. സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെക്കൂടി എത്തിക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ.
Discussion about this post