കൊച്ചി: ദേശീയപാതാ വികസനത്തിന് 454.01 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം സംസ്ഥാന സർക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാൻ സ്വന്തം പോസ്റ്ററടിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മന്ത്രി മുഹമ്മദ് റിയാസ് എയറിൽ. മന്ത്രി പങ്കുവെച്ച പോസ്റ്ററും ഡയലോഗും ഉൾപ്പെടുത്തിയ ട്രോൾ ഇമേജുകൾ ഫേസ്ബുക്കിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. മണിക്കൂറുകൾക്കുളളിൽ 5000 ത്തിലധികം പോസ്റ്റുകളാണ് ട്രെൻഡിനൊപ്പം എന്ന ഹാഷ്ടാഗിൽ നിറഞ്ഞത്.
മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ചിത്രം ഉൾപ്പെടുത്താതെ സ്വന്തം ചിത്രം മാത്രം ഉൾപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇടത് പ്രൊഫൈലുകളും സിപിഎം ഘടകങ്ങളും ഇത് ഏറ്റുപിടിക്കുകയും ചെയ്തു.
കോഴിക്കോട്, വയനാട് യാത്രക്കാരുടെ ചിരകാല സ്വപ്നസാഫല്യം എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റശേഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ കോഴിക്കോട് – മുത്തങ്ങ ദേശീയപാതാ വികസനം സംബന്ധിച്ച് പ്രത്യേകമായി ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് റിയാസ് അവകാശപ്പെട്ടു. പുതുപ്പാടി മുതൽ മുത്തങ്ങ വരെ വികസിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കുന്നതിന് ആദ്യഘട്ടത്തിൽ ഫണ്ടനുവദിച്ചു. ഇപ്പോൾ ബാക്കിയുള്ള മലാപ്പറമ്പ് – പുതുപ്പാടി വരെയുള്ള വികസനവും യാഥാർത്ഥ്യമാവുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു റിയാസിന്റെ പോസ്റ്റ്.
രണ്ട് വരിപ്പാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുള്ള അനുമതിയാണ് ലഭ്യമായിരിക്കുന്നത്. കൊടുവള്ളി, താമരശ്ശേരി ബൈപാസുകളും പദ്ധതിയിലുൾപ്പെടുത്തിയതായി നിതിൻ ഗഡ്ക്കരി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനുള്ള ഇടപെടൽ നടത്തുമെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ച കേന്ദ്രമന്ത്രിക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post