കൊച്ചി: 1921ലെ മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രം, ‘1921 പുഴ മുതൽ പുഴ വരെ‘ നോർത്ത് അമേരിക്കയിൽ പ്രദർശനത്തിനെത്തുന്നു. മാർച്ച് 31നാണ് ചിത്രം നോർത്ത് അമേരിക്കയിൽ റിലീസ് ചെയ്യുന്നത്. അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ പിന്തുണയോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
‘ചിലതങ്ങിനെയാണ്, ആരൊക്കെയും എത്രകണ്ടു തടയിണ കെട്ടിയാലും ഒഴുകാനുള്ളത് ഒഴുകും.. ഇത്രയൊന്നും ഞാൻ പോലും പ്രതീക്ഷിച്ചിരുന്നില്ല.. KHNA ക്ക് നന്ദി, മലയാളി സമൂഹത്തിനും നന്ദി‘ എന്ന കുറിപ്പോടെ രാമസിംഹൻ തന്നെയാണ് ചിത്രത്തിന്റെ നോർത്ത് അമേരിക്കൻ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
1921 ൽ മലബാറിൽ മാപ്പിള കലാപത്തിന്റെയും ഖിലാഫത്തിന്റെയും മറവിൽ നടന്ന ഹിന്ദു വംശഹത്യയാണ് പുഴ മുതൽ പുഴ വരെയുടെ ഇതിവൃത്തം. വളച്ചൊടിക്കപ്പെട്ട സത്യങ്ങൾ കലർപ്പില്ലാതെ വെള്ളിത്തിരയിൽ എത്തിക്കുന്ന ചിത്രം എന്ന അവകാശവാദത്തോടെയാണ് രാമസിംഹൻ പുഴ മുതൽ പുഴ വരെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച നാൾ മുതൽ ചിത്രത്തിനെതിരെ ഇടതുപക്ഷ ചിന്തകന്മാരുടെ ഭാഗത്ത് നിന്നും ഇസ്ലാമിസ്റ്റുകളുടെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു.
മമധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാമസിംഹന്റേതാണ്. ഈ ചിത്രം 1921ലെ ആത്മാക്കൾക്കുള്ള സമൂഹ ബലിയാണെന്ന് റിലീസിന് മുന്നേ രാമസിംഹൻ പ്രഖ്യാപിച്ചിരുന്നു.
Discussion about this post