കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി ആഗിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആഗിൽ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുന്നൂറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആഗിലിൽ നിന്ന് യുവതി ക്രൂര പീഡനമേറ്റതായും പോലീസ് കണ്ടെത്തി. ദ്വിഭാഷിയുടെ സഹായത്തോടെയാണ് യുവതി പോലീസിന് മൊഴി നൽകിയത്.
ഇരുമ്പുകമ്പി കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തായി ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിർബന്ധപൂർവ്വം ലഹരി നൽകി പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പറയുന്നത്. കടുത്ത മാനസിക പീഡനങ്ങളുടെ ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും യുവതി പറഞ്ഞിട്ടുണ്ട്. യുവതിയുടെ പാസ്‌പോർട്ടും ഫോണും ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ആഗിൽ നശിപ്പിച്ച് കളഞ്ഞു. ഈ വിവരങ്ങളെല്ലാം റഷ്യൻ കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ട്.
കോൺസുലേറ്റ് ഇടപെട്ടാണ് ദ്വിഭാഷിയെ പോലീസിന് ഏർപ്പാടാക്കി നൽകിയത്. ദ്വിഭാഷിയുടെ സഹായത്തോടെ വീട്ടുകാരുമായി സംസാരിക്കാനുള്ള ശ്രമം പോലീസ് നടത്തിയിരുന്നു. കോൺസുലേറ്റ് അധികൃതരും യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. താത്കാലിക പാസ്‌പോർട്ടും രേഖകളും സംഘടിപ്പിച്ച് യുവതിയെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികളാണ് പുരോഗമിക്കുന്നത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കൂടുതൽ കാര്യങ്ങൾ യുവതി ഇനിയും വെളിപ്പെടുത്താനുണ്ടെന്നാണ് പോലീസും പറയുന്നത്. ഇന്നും മൊഴിയെടുപ്പ് തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post