തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവ്വകലാശാല ക്യാമ്പസിൽ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
തോട്ടപ്പള്ളി സ്വദേശി നൗഫൽ, സുഹൃത്ത് അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഇവരും മറ്റൊരു സുഹൃത്തും കൂടി ക്യാമ്പസിലേക്ക് ഇരു ചക്ര വാഹനത്തിൽ എത്തുകയായിരുന്നു. ക്യാമ്പസിന് പുറത്ത് സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞു. ഇതോടെ പ്രകോപിതരായ നൗഫലും അജിത്തും വാഹനത്തിൽ നിന്നിറങ്ങി ജീവനക്കാർക്ക് നേരെ പായുകയായിരുന്നു.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെ യുവാക്കൾ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തി വീശി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ യുവാവാണ് ഇവരെ അനുനയിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ ജീവനക്കാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Discussion about this post