തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസും സിപിഎമ്മും രണ്ടാംദിനം മുതൽ തമ്മിൽ തല്ല്. പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മിൽ വാക്‌പോര്.
സിപിഎമ്മിൻറെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, ജനാധിപത്യത്തിനെതിരെ ഉണ്ടായ ഫാസിസ്റ്റ് കടന്നു കയറ്റത്തിനെതിരെ ആണെന്ന എം വി ഗോവിന്ദന്റെ മലക്കം മറിച്ചിലിന് പിന്നാലെ കെ സുധാകരൻ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
രാഹുൽ ഗാന്ധിക്ക് സിപിഎം പിന്തുണ ഉണ്ടാകുമെന്ന് കോൺഗ്രസ് മോഹിക്കുകയോ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറുന്ന സ്വഭാവം സിപിഎമ്മിനും ഉണ്ട്. ഞങ്ങൾക്ക് അതിൽ അത്ഭുതമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുലിന് അല്ലെങ്കിൽ പിന്നെ ആർക്കാണ് സിപിഎം പിന്തുണ നൽകിയത്. ആർക്ക് അനുകൂലമായിട്ടാണ് സിപിഎമ്മിൻറെ പ്രസ്താവന. രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുവെങ്കിൽ എം വി ഗോവിന്ദൻറെ ബുദ്ധിക്ക് സാരമായ പ്രശ്‌നമുണ്ട്. രാഹുൽ ഗാന്ധിക്കാണ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Discussion about this post