തൃശൂർ: പ്രിയ കുട്ടികളെ, പരീക്ഷയൊക്കെ കഴിഞ്ഞതോടെ അവധിക്കാലം എല്ലാവരും അടിച്ച് പെളിക്കുകയാണെന്ന് എനിക്കറിയാം. ചിലർക്ക് കുറച്ച് പരീക്ഷ കൂടി തീരാനുമുണ്ടല്ലേ. എല്ലാവരും നല്ലതുപോലെ അവധിക്കാലം ആഘോഷിക്കണം കേട്ടോ. പിന്നെ പൂരത്തിന്റെ കാര്യം, അത് പറയാനുണ്ടോ അടിച്ചു പൊളിക്കണ്ടേ നമുക്ക് ??. തൃശൂർ ജില്ലാ കളക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റാണിത്. ആലപ്പുഴയ്ക്ക് പിന്നാലെ തൃശൂരിലും കളക്ടർ കൊച്ചുകുട്ടികളുടെ കളക്ടർ ബ്രോ ആയി മാറുകയാണ്.
ചുമതലയേറ്റതിന് പിന്നാലെ ജില്ലയിലെ മലയോര, കടലോര മേഖലകളിലെ 15 സ്‌കൂളുകളിൽ ലോകോത്തര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ്സ് റൂമുകൾ സ്പോൺസർഷിപ്പ് വഴി ഒരുക്കിയെന്ന കളക്ടറുടെ അറിയിപ്പ് കൈയ്യടിയോടെയാണ് കുട്ടികൾ വരവേറ്റത്. കുട്ടികൾക്കുളള സർപ്രൈസ് സമ്മാനമെന്നാണ് കൃഷ്ണ തേജ ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അവധിക്കാലത്ത് ചെയ്യേണ്ട ഒരു പുണ്യകർമ്മത്തെക്കുറിച്ച് അദ്ദേഹം കുട്ടികളോട് പറയുന്നത്.
അവധി ആഘോഷിക്കുന്നതിനിടയ്ക്ക് വേനലിൽ ദാഹിച്ചുവലയുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും വെളളം നൽകുന്നതിലൂടെ ശ്രദ്ധിക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശം. ഞാൻ ചെറിയൊരു ഉത്തരവാദിത്തം ഏൽപ്പിക്കട്ടെയെന്ന് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്.
ചെറുപ്പത്തിൽ സ്‌കൂളിൽ ഒരുപാട് കാര്യങ്ങൾ പഠിക്കുമല്ലോ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മറ്റുള്ളവരെ സഹായിക്കുക എന്നതാണ്. അതിന് കയ്യിൽ ഒരുപാട് പൈസയൊന്നും വേണ്ട. നല്ല മനസ്സുണ്ടായാൽ മതി. നമ്മുടെ നാട്ടിലിപ്പോൾ ഭയങ്കര ചൂടാണല്ലേ. നമുക്ക് ദാഹിക്കുന്നത് പോലെ പക്ഷികൾക്കും മൃഗങ്ങൾക്കും ദാഹിക്കും. അവരോട് നമ്മൾ കരുണ കാണിക്കണം. ദിവസവും നമ്മുടെ വീട്ടുമുറ്റത്തും പരിസരത്തും അവർക്കായി ഒരു പാത്രത്തിൽ വെള്ളം കരുതിവെക്കണം. എല്ലാ ദിവസവും കൃത്യമായി വെള്ളം കൊടുക്കാനും മറക്കരുതേയെന്ന് കളക്ടർ പറയുന്നു.
അപ്പൊ ഇന്നുതന്നെ തുടങ്ങുകയല്ലേ…. ആഘോഷങ്ങൾക്കൊപ്പം ഈ അവധിക്കാലത്ത് നമുക്കുചുറ്റും സ്‌നേഹവും നന്മയും നിറയ്ക്കാമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ആലപ്പുഴ കളക്ടറായി കൃഷ്ണ തേജ നിയമിക്കപ്പെട്ടത്. കനത്ത മഴയുടെ സമയമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് അദ്ദേഹം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത അറിയിപ്പ് വൈറലായിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കായി അവധി പ്രഖ്യാപിക്കുന്നുവെന്നും ചൂണ്ടയിടാനും വെളളത്തിൽ കളിക്കാനും പോകരുതെന്നുമായിരുന്നു ഉപദേശം. ആലപ്പുഴയിൽ പിന്നീട് ശ്രദ്ധേയമായ സേവനമാണ് കൃഷ്ണ തേജ നടത്തിയത്.
Discussion about this post