കൊച്ചി: കലാരംഗത്ത് തനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്ന് നടൻ ദിലീപ്. ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ ആ ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ദിലീപിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായതെന്നും ദിലീപ് കുറിച്ചു.
വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു…
ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനി ആ ശബ്ദവും രൂപവും, ആശ്വാസവാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവുമെന്ന് പറഞ്ഞാണ് ദിലീപ് വാക്കുകൾ അവസാനിപ്പിക്കുന്നത്.
രാത്രി പത്തരയോടെയാണ് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ഇന്നസെന്റ് അന്തരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വിപരീത വാർത്തകൾ പ്രചരിച്ചെങ്കിലും സിനിമാ ലോകവും ആരാധകരും തിരിച്ചുവരവിനായുളള പ്രാർത്ഥനയിലായിരുന്നു. അസുഖം മൂർച്ഛിച്ചത് അറിഞ്ഞ് ദിലീപിനെക്കൂടാതെ മമ്മൂട്ടി, മധുപാൽ, ജയറാം, മന്ത്രി സജി ചെറിയാൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന ഓഡിയോ കാസറ്റുകളിൽ ഓണത്തിന് പ്രജകളെ കാണാനെത്തുന്ന മാവേലിയായി ഇന്നസെന്റിന്റെ ശബ്ദം അനുകരിച്ചിരുന്നത് ദിലീപ് ആയിരുന്നു. തൊണ്ണൂറുകളുടെ പകുതിയിൽ തുടങ്ങി ഈ കാസറ്റുകൾ വിപണിയിൽ വലിയ ഹിറ്റായിരുന്നു.
Discussion about this post