കൊച്ചി: ബ്രഹ്മപുരം തീപിടുത്തകേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ഇന്ന് സർക്കാരിന് സമർപ്പിക്കും. തീപിടുത്തത്തിന് പിന്നിൽ സ്വാഭാവികമായ കാരണങ്ങളാണെന്നും അട്ടിമറിയല്ലെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് വിവരം. സംസ്ഥാന പോലീസ് മേധാവി മുഖേന ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുക.
പ്ലാന്റിലെ സിസിടിവി ദൃശ്യങ്ങൾ, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴി, ബ്രഹ്മപുരത്തും പരിസരത്തും ഉണ്ടായിരുന്നവരുടെ ഫോൺ കോളുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അൻപതോളം ആളുകളെയാണ് ചോദ്യം ചെയ്തത്. തീപിടിച്ച ദിവസം ബ്രഹ്മപുരം മാലിന്യകേന്ദ്രത്തിലേയും പരിസരത്തേയും ഉപഗ്രഹദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്.
പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കാൻ വേണ്ട സ്വാഭാവിക സാഹചര്യങ്ങളെല്ലാം അവിടെ ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മനുഷ്യനിർമിതമാണ് തീയെങ്കിൽ വീണ്ടും ഉണ്ടാകാൻ ഇടയില്ല എന്ന നിഗമനത്തിലാണു പോലീസ് അന്വേഷണം എത്തിയതെന്നാണ് വിവരം. ഇന്നലെ വീണ്ടും ബ്രഹ്മപുരത്ത് തീപിടിച്ചത് സ്വാഭാവിക കാരണങ്ങളാണ് തീയുണ്ടാകാം എന്ന തങ്ങളുടെ കണ്ടെത്തലിനെ ശരി വയ്ക്കുന്നതാണെന്നും പോലീസ് കരുതുന്നു. തൃക്കാക്കര എസിപി പി.വി.ബേബിയുടെ നേതൃത്വത്താലാണ് കേസ് അന്വേഷണം നടത്തിയത്. ഇൻഫോ പാർക്ക് പോലീസാണ് സംഭവത്തിൽ കേസ് എടുത്തത്.
Discussion about this post