കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി. 88ാം പ്രതി ദീപക്, 18ാം പ്രതി സിഒടി നസീർ, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 110 പ്രതികളെ വെറുതെവിട്ടു. കണ്ണൂർ സബ് കോടതിയുടേതാണ് വിധി.
2013 ഒക്ടോബർ 27 നായിരുന്നു സംഭവം. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാർ കേസ് കത്തി നിൽക്കുന്ന സമയം ആയിരുന്നു അന്ന്. ഇതിനിടെ പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂർ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായത്.
ഉമ്മൻ ചാണ്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ദിവസം ഇടത് പ്രവർത്തകർ കളക്ടറേറ്റിന് മുൻപിൽ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പരിപാടിയിൽ പങ്കെടുക്കാൻ ഔദ്യോഗിക വാഹനത്തിൽ വരുന്നതിനിടെ അദ്ദേഹത്തെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ചില്ല് തകർന്ന് അദ്ദേഹത്തിന്റെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് വകവയ്ക്കാതെ പരിപാടിയിൽ പങ്കെടുത്ത ഉമ്മൻചാണ്ടി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ 113 പേരെയാണ് പ്രതി ചേർത്തിരുന്നത്. ഇതിൽ മൂന്ന് പേരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. വധ ശ്രമത്തിനാണ് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്. ശിക്ഷ കോടതി പിന്നീട് വിധിക്കും.
Discussion about this post