ഇസ്ലാമാബാദ്: ഒറ്റപ്പെടുത്തുന്നത് ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും താലിബാനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്ര സമൂഹം അവരെ അംഗീകരിക്കുന്നത് വരെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളെ താലിബാൻ മാനിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സ്ത്രീകളുടേയും പെൺകുട്ടികളുടേയും അവകാശങ്ങൾ അംഗീകരിക്കാത്ത രാജ്യമായി യുഎൻ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ഇമ്രാന്റെ പരാമർശം.
”അന്താരാഷ്ട്ര സമൂഹം താലിബാനെ അംഗീകരിച്ചാൽ മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വാതിലുകൾ തുറക്കപ്പെടും. പക്ഷേ താലിബാനെ ഒറ്റപ്പെടുത്തിയാൽ നിങ്ങൾക്ക് അവരിൽ എന്ത് സ്വാധീനമാണ് ചെലുത്താൻ സാധിക്കുന്നത്. അവരുടെ പണമുൾപ്പെടെ മരവിപ്പിച്ച് വച്ചിരിക്കുകയാണ്. അവരേയും എല്ലാവർക്കും ഒപ്പം കൂട്ടണം.
നിങ്ങൾ അവരോട് പറയുകയാണ്, പെൺകുട്ടികളെ പഠിപ്പിക്കണമെന്ന്. എല്ലാവരോടും ഒപ്പമാണെങ്കിൽ ആ തീരുമാനത്തെ അവരും മാനിക്കും. മറിച്ചാണെങ്കിൽ അവരതിനെ ഒരിക്കലും കേൾക്കാൻ പോകുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇമ്രാൻ ഇക്കാര്യങ്ങൾ പറഞ്ഞത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് താലിബാനെതിരെ യുഎൻ പ്രസ്താവന ഇറക്കിയത്. സ്ത്രീകളേയും പെൺകുട്ടികളേയും വീടുകളിൽ തളച്ചിടുന്ന നിയമമാണ് താലിബാന്റേതെന്നാണ് യുഎൻ പറഞ്ഞത്.
Discussion about this post