ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതയുടെ പേരിൽ ബഹളമുണ്ടാക്കുന്ന കോൺഗ്രസിനെതിരെ വിമർശനം കടുപ്പിച്ച് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കഴിഞ്ഞ വർഷങ്ങളിൽ രാജ്യതാത്പര്യം മുൻനിർത്തിയുള്ള ഒരു പ്രശ്നം പോലും കോൺഗ്രസ് ഏറ്റെടുത്തിട്ടില്ല. പാർട്ടിയിലെ ചില നേതാക്കളുടെ വിടുവായത്തവും വിവരക്കേടും ന്യായീകരിക്കുന്നതിലാണ് അവർക്ക് താത്പര്യമെന്നും അനിൽ കെ ആന്റണി പറഞ്ഞു.
ചില വ്യക്തികൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഒരു സംവിധാനമായി കോൺഗ്രസ് മാറിയിരിക്കുന്നു. കോൺഗ്രസിന്റെ പ്രശ്നങ്ങൾ രാജ്യത്തിന്റെ പ്രശ്നങ്ങളായി കാണാനാകില്ലെന്ന് പാർട്ടി തിരിച്ചറിയണമെന്നും അനിൽ കെ ആന്റണി പറഞ്ഞു.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ അവഹേളിച്ച യൂത്ത് കോൺഗ്രസ് നേതാവ് ബി വി ശ്രീനിവാസിന്റെ നടപടിയെ അനിൽ കെ ആന്റണി അപലപിച്ചു. ഇതാണ് രാജ്യത്തെയും കേരളത്തിലെയും കോൺഗ്രസിന്റെ സ്ത്രീ ശാക്തീകരണമെന്നും അദ്ദേഹം പരിഹസിച്ചു.
തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അപമാനിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ. താൻ പാർട്ടി പദവികളിൽ നിന്നും ഒഴിഞ്ഞ നാൾ മുതൽ തനിക്കെതിരെ തികച്ചും അമാന്യമായ പദപ്രയോഗങ്ങളാൽ നേതാക്കൾ അധിക്ഷേപം തുടരുകയാണ്. സംസ്കാരം തൊട്ടു തീണ്ടിയില്ലാത്ത ചില കോൺഗ്രസ് നേതാക്കൾ വായ തുറക്കുന്നത് തന്നെ മാലിന്യം വമിപ്പിക്കാനാണെന്നും അനിൽ കെ ആന്റണി പറഞ്ഞു.
എഐസിസി സോഷ്യൽ മീഡിയ മുൻ ദേശീയ കോ ഓർഡിനേറ്ററായിരുന്നു അനിൽ കെ ആന്റണി.
Discussion about this post