ന്യൂയോർക്ക്: അമേരിക്കയിൽ എലമെന്ററി സ്‌കൂളിൽ ആറ് പേരെ വെടിവച്ചുകൊന്ന ഓഡ്രി ഹെയ്ൽ ഏഴ് തോക്കുകളുമായാണ് സ്‌കൂളിൽ എത്തിയതെന്ന് പോലീസ്. ഇതിൽ മൂന്നെണ്ണമാണ് ഇയാൾ ഉപയോഗിച്ചത്. ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഞ്ച് വ്യത്യസ്ത കടകളിൽ നിന്നായിട്ടാണ് ഇവ വാങ്ങിയത്. നിയമപരമായി തന്നെയാണ് ഓഡ്രി തോക്കുകൾ വാങ്ങിയതെന്നും നാഷ്വില്ലെ പോലീസ് ഡിപ്പാർട്ട്മെന്റ് ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു.
സ്‌കൂളിനെ കുറിച്ച് വ്യക്തമായി മനസിലാക്കാനാവുന്ന മാപ്പുകളും ഓഡ്രിയുടെ കൈവശം ഉണ്ടായിരുന്നു. ഏത് വഴി പ്രവേശിപ്പിക്കണം, ഓരോ സ്ഥലങ്ങളേയും കൃത്യമായി തിരിക്കുന്ന വിവരണം തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ടായിരുന്നു. എന്നാൽ ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം എന്താണെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
ഓഡ്രി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നു. അവർ ആരെയെങ്കിലും ലക്ഷ്യമിട്ടാണോ ഈ ആക്രമണം നടത്തിയത് എന്ന കാര്യം വ്യക്തമല്ല. എന്നാൽ വെടിവപ്പിൽ ഓഡ്രിക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടാകാമെന്നും ജോൺ ഡ്രേക്ക് പറയുന്നു. അക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളിൽ ഒരാൾ എട്ട് വയസ്സും മറ്റ് രണ്ട് പേർ ഒൻപത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരിൽ ഒരാൾ സ്‌കൂൾ മേധാവിയാണ്. ഇവരും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പോലീസ് അറിയിച്ചു.












