ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ പറയുന്നത്. സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തി തന്നെയാണ് താൻ. തന്റെ പൂർവികർ 1950ന് മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്, വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണ്, ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ ജി.പ്രകാശാണ് രാജയ്ക്കായി ഹർജി ഫയൽ ചെയ്തത്.
പട്ടികജാതി സംവരണ സീറ്റിൽ ആ വിഭാഗത്തിൽപെടുന്നയാളല്ല തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സ്ഥാനാർഥി എ. രാജയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എ.രാജയുടെ വിജയം റദ്ദാക്കിയത്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് രാജയെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സ്ഥാനാർഥിയായി ഡി. കുമാർ നൽകിയ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി വിധിക്ക് പിന്നീട് ഇടക്കാല സ്റ്റേ നൽകിയിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയാണ് എ.രാജ ഇപ്പോൾ കൂടുതൽ നിയമ നടപടികളിലേക്ക് കടക്കുന്നത്.
Discussion about this post