തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഞ്ച് വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ് കാലങ്ങളായി നാട്ടിൽ നിലനിൽക്കുന്ന രീതി. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർധിപ്പിക്കാൻ കഴിയൂ. അതുകൊണ്ട് അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഒരുക്കാനാണ് തീരുമാനമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡം നടപ്പാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു. എന്നാൽ നിർബന്ധമായും നടപ്പാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും, അങ്ങനെ നിർദ്ദേശിച്ചാൽ പരിഗണിക്കാമെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും ശിവൻകുട്ടി പറഞ്ഞു. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്‌കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്‌കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നുണ്ട്. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു.
കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്‌കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്‌കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്‌കൂളിങ് 6,7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Discussion about this post