ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് സ്വന്തമായി ഉപഗ്രഹം നിർമ്മിക്കാനുള്ള തീരുമാനവുമായി പ്രതിരോധ മന്ത്രാലയം. കരസേനക്ക് വേണ്ടി അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 7ബി നിർമിക്കാൻ ഐ എസ് ആർ ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി 3,000 കോടി രൂപയുടെ കരാർ ഒപ്പിട്ടതായി പ്രതിരോധ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.
5 ടൺ ഭാരമുള്ള ഭൗമസ്ഥിത ഉപഗ്രഹമാണ് ഇന്ത്യൻ സേനക്കായി ഐ എസ് ആർ ഒ തദ്ദേശീയമായി നിർമ്മിക്കുന്നത്. 2026 ഓടെ കരസേനക്ക് ഉപഗ്രഹം ലഭ്യമാകും എന്നാണ് കണക്കുകൂട്ടൽ. സൈന്യത്തിന് പരസ്പരം തന്ത്രപ്രധാനമായ വിവരങ്ങൾ അതീവ രഹസ്യമായി കൈമാറാൻ സാധിക്കുന്നു എന്നതിലപ്പുറം, വിദൂര നിയന്ത്രിത വിമാനങ്ങൾ, വ്യോമ പ്രതിരോധ ആയുധങ്ങൾ, അടിയന്തര സംവിധാനങ്ങൾ എന്നിവയെയും സാങ്കേതികമായി പിന്തുണയ്ക്കാൻ ഉപഗ്രഹത്തിന് സാധിക്കും.
2022 മാർച്ചിലാണ് ജിസാറ്റ് 7ബി ഉപഗ്രഹം സൈന്യത്തിനായി നിർമ്മിക്കാനുള്ള അനുമതി ഡി എ സി നൽകുന്നത്. സമുദ്ര മേഖലകളിൽ ഉൾപ്പെടെ അനായാസവും സുരക്ഷിതവുമായ വിവര കൈമാറ്റങ്ങൾക്ക് ശേഷിയുള്ള ഉപഗ്രഹങ്ങളാണ് ജിസാറ്റ് 7 ഉപഗ്രഹ ശ്രേണിയിൽ ഉള്ളത്. തദ്ദേശീയ എം എസ് എം ഇകൾ വഴിയായിരിക്കും ജിസാറ്റ് 7ബിയുടെ സുപ്രധാന ഭാഗങ്ങൾ നിർമ്മിക്കുക.
ജിസാറ്റ് 7ബി സ്വായത്തമാകുന്നതോടെ, നാവിക- വ്യോമ സേനകൾക്കൊപ്പം സ്വന്തമായ ഉപഗ്രഹം എന്ന കരസേനയുടെ ലക്ഷ്യമാണ് നിറവേറുന്നത്. ചൈനയും പാകിസ്താനുമുൾപ്പെടെ ഉള്ളവർ ഇന്ത്യയുടെ ഈ നേട്ടത്തെ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്.
ഉപഗ്രഹം നിർമ്മിക്കാൻ കരാർ ഒപ്പിട്ടതിന് പുറമേ, സായുധ സേനകളുടെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 2,400 കോടിയുടെ രണ്ട് കരാറുകളിൽ കൂടി പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിട്ടുണ്ട്.
Discussion about this post