ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഈ തീരുമാനം മുന്നോട്ട് വച്ചത്. അരിക്കൊമ്പനെ മയക്കുവെടി വച്ച് കൂട്ടിലടക്കേണ്ടതില്ലെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ആനയെ പിടിച്ച് മറ്റേതെങ്കിലും ഉൾവനത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. മദപ്പാട് മാറിയശേഷം റേഡിയോ കോളർ ഘടിപ്പിച്ച് മാറ്റണമെന്ന ശുപാർശും പരിഗണനയിലുണ്ട്. വിദഗ്ധസമിതി ഇക്കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കും.
അതേസമയം അരിക്കൊമ്പനെ പിടികൂടാൻ വൈകുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടുന്നത് വരെ സമരം തുടരാനാണ് ജനങ്ങളുടെ തീരുമാനം. പൂപ്പാറയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ധർണ നടത്തും.
അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരയായവരെ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി സ്ഥലം സന്ദർശിക്കണമെന്ന ആവശ്യവും നാട്ടുകാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അതേസമയം അരിക്കൊമ്പൻ ഇന്നലെയും ജനവാസമേഖലയിലെത്തി. പിടിയാനയ്ക്കും കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ എത്തിയത്. സിങ്കുകണ്ടം സിമന്റ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. വനംവകുപ്പ് കാട്ടാന സംഘത്തെ നിരീക്ഷിച്ച് വരികയാണ്.
Discussion about this post