ലക്‌നൗ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 50 റൺസ് വിജയവുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജയന്റ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ പോരാട്ടം 143 റൺസിൽ ഒതുങ്ങി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മാർക്ക് വുഡ് ആണ് ഡൽഹിയുടെ വിജയപ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്.
രവി ബിഷ്‌ണോയിയും ആവേശ് ഖാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നാല് ഓവറുകളിൽ 14 റൺസ് മാത്രം വിട്ടുനൽകിയാണ് മാർക്ക് വുഡ് 5 വിക്കറ്റുകൾ വീഴ്ത്തിയത്. 56 റൺസെടുത്ത ഡേവിഡ് വാർണർക്കും 30 റൺസെടുത്ത റൈലീ റൂസോവിനും മാത്രമാണ് ഡൽഹിയുടെ ബാറ്റിങ്ങിൽ പിടിച്ചുനിൽ്ക്കാനായത്.
പൃഥ്വി ഷായും ഡേവിഡ് വാർണറും മികച്ച തുടക്കത്തിന്റെ സൂചനകൾ നൽകിയെങ്കിലും 12 റൺസിന് മാർക്ക് വുഡ് പൃഥ്വി ഷായെ മടക്കിയതോടെ ആ കൂട്ടുകെട്ട് വേർപിരിഞ്ഞു. പിന്നാലെ എത്തിയ മിച്ചൽ മാർഷിനെ റൺസൊന്നും എടുക്കാൻ അനുവദിക്കാതെ മാർക്ക് വുഡ് മടക്കി. പിന്നാലെ സർഫറാസ് ഖാനും ഗൗതത്തിന് പിടികൊടുത്ത് മടങ്ങി. വുഡ്ഡിന് തന്നെയാണ് ആ വിക്കറ്റും ലഭിച്ചത്. നാല് റൺസ് മാത്രമാണ് സർഫറാസ് ഖാന് കൂട്ടിച്ചേർക്കാനായത്. അക്ഷർ പട്ടേൽ 16 റൺസെടുത്തു. ഡൽഹിയുടെ നിരയിൽ ബാക്കിയുളളവരൊന്നും ഒറ്റ അക്കം കടന്നില്ല.
38 പന്തിൽ നിന്ന് 73 റൺസെടുത്ത കൈൽ മയേഴ്‌സും 21 പന്തിൽ നിന്ന് 36 റൺസെടുത്ത നിക്കോളാസ് പൂരാനുമാണ് ലക്‌നൗവിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ അമരക്കാർ. ഏഴ് സിക്‌സറുകളുടെയും രണ്ട് ഫോറുകളുടെയും അകമ്പടിയോടെ കൈൽ മയേഴ്‌സ് കളം നിറഞ്ഞു ആറാടുകയായിരുന്നു. മയേഴ്‌സിന് കൂട്ടായി ഇറങ്ങി 12 പന്തിൽ എട്ട് റൺസ് എടുത്ത ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. മാർക്കസ് സ്റ്റോയിനിസ് 12 റൺസും ആയുഷ് ബദോനി 18 റൺസുമെടുത്തു.
Discussion about this post