ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ആക്രമിക്കപ്പെട്ട സ്ത്രീകൾ അറസ്റ്റിൽ. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെയെത്തി നിയമലംഘനം നടത്തിയതിനാണ് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഹിജാബ് ഇല്ലാതെ പ്രദേശത്തെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ ഇവരുടെ മുഖത്ത് അവിടെയെത്തിയ മറ്റൊരാൾ തൈര് ഒഴിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരെയും ഇറാൻ പോലീസ് നിയമ ലംഘനത്തിന് അറസ്റ്റ് ചെയ്തത്.
ഹിജാബില്ലാതെ സ്ത്രീകൾ പൊതുസ്ഥലത്ത് എത്തുകയോ, വീടിന് പുറത്ത് ഇറങ്ങുകയോ ചെയ്യരുത് എന്നാണ് ഇറാനിലെ നിയമം. ഇത് ലംഘിച്ചാണ് ഇവർ തല മറയ്ക്കാതെ കടയിൽ എത്തിയത്. സ്ത്രീകളെ അറസ്റ്റ് ചെയ്ത പോലീസ് ഹിജാബില്ലാതെ കടയിൽ എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം നൽകരുതെന്ന് താക്കീതും നൽകി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എഴുതി കടയിൽ പതിപ്പിക്കണമെന്നും കടയുടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഹിജാബ് കൊണ്ട് തല മറച്ചില്ലെന്ന കാരണത്താൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടത്. വാങ്ങിയ സാധനങ്ങളുടെ ബില്ല് അടിയ്ക്കാനായി കൗണ്ടറിന് സമീപം നിൽക്കുകയായിരുന്നു സ്ത്രീകൾ. ഇതിനിടെ അവിടെയെത്തിയ ഒരാൾ ഹിജാബ് ഇല്ലാത്തത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഇയാൾ സമീപത്തെ ഷെൽഫിലിരുന്ന തൈര് എടുത്ത് ഇവരുടെ മുഖത്ത് എറിഞ്ഞു.
ഇതെല്ലാം കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം ഇവരെ ആക്രമിച്ച യുവാവും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post