മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ 16ൽ പതിനാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. കേസിലെ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്ന് പ്രതികളൊഴികെ ബാക്കിയുള്ളവര്‍ക്കെതിരെ നരഹത്യാക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഹുസൈൻ, മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അനീഷിനേയും അബ്ദുൾ കരീമിനേയുമാണ് മാറ്റി നിർത്തിയത്. അന്യായമായ സംഘം ചേരൽ, പട്ടികവർഗ അതിക്രമം, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്.
ഹുസൈന് മുക്കാലി ജംഗ്ഷനിൽ ഒരു കടയാണുള്ളത്. ഈ കടയിൽ നിന്ന് മധു സാധനങ്ങൾ മോഷ്ടിച്ചിരുന്നു എന്നാണ് ആരോപണം. 12 പ്രതികൾ മധുവിനെ കാട്ടിലേക്ക് പോയി തിരിച്ച് കൊണ്ടുവരുന്നു. മുക്കാലിയിൽ മധുവിനെ എത്തിച്ചപ്പോൾ ഹുസൈനും അവിടേക്ക് എത്തി. ആൾക്കൂട്ടത്തിന് നടുവിൽ നിർത്തി മധുവിനെ വിചാരണ ചെയ്യുന്നതിനിടെ ഹുസൈൻ മധുവിന്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടുകയായിരുന്നു. ഈ ചവിട്ടേറ്റാണ് മധു തലയിടിച്ച് വീഴുന്നത്. ഈ വീഴ്ചയിലുണ്ടായ ആഘാതം മധുവിന്റെ മരണത്തിലേക്ക് നയിച്ചുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഹുസൈനെതിരെ സാക്ഷിമൊഴിയാണ് ഏറ്റവും നിർണായകമായത്. ഹുസൈൻ മധുവിനെ ചവിട്ടി വീഴ്ത്തുന്നത് കണ്ട സുരേഷ് ഹുസൈനെതിരെ മൊഴി നൽകിയിരുന്നു.
രണ്ടാം പ്രതി മരയ്ക്കാറാണ് 12 അംഗ സംഘത്തിന് നേതൃത്വത്തിന് നൽകിയത്. മധു കാട്ടിലുണ്ടെന്ന് അറിഞ്ഞ മരയ്ക്കാർ മറ്റ് പ്രതികളേയും കൂട്ടി കാട്ടിലേക്ക് പോകുന്നത്. മനപൂർവ്വം ആക്രമിക്കണമെന്ന ലക്ഷ്യത്തിൽ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മരയ്ക്കാറാണ്. റിസർവ് വനത്തിൽ അതിക്രമിച്ച് കയറിയാണ് പ്രതികൾ മധുവിനെ പിടിച്ചു കൊണ്ടു വരുന്നത്. ഡിജിറ്റൽ തെളിവുകളാണ് മരയ്ക്കാറിനെതിരെ നിർണായകമാകുന്നത്.
മൂന്നാം പ്രതി ഷംസുദ്ദീൻ. ഷംസുദ്ദീന്റെ ബാഗ് കീറിയാണ് മധുവിന്റെ കൈകൾ കെട്ടുന്നത്. ഷംസുദ്ദീൻ വടി കൊണ്ട് മധുവിനെ ക്രൂരമായി അടിക്കുകയും ചെയ്തു. മധുവിന്റെ രണ്ടാമത്തെ വാരിയെല്ല് ഒടിഞ്ഞത് ഈ അടിയിലാണെന്ന് പ്രോസിക്യൂഷൻ പറയുന്നു. മധു ഓടിപ്പോകാതിരിക്കാൻ ഷംസുദ്ദീൻ കയ്യിൽ കെട്ടിയ സിബ്ബിൽ പിടിച്ച് വലിച്ച് കൊണ്ട് വന്നതും ഷംസുദ്ദീനാണ്.
നാലാം പ്രതി അനീഷിനെ കോടതി മാറ്റി നിർത്തി. ഇയാൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടായിരുന്നില്ല. മധുവിന്റെ ദൃശ്യങ്ങൾ പകർത്തിയത് അനീഷാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നത് മാത്രമാണ് അനീഷിനെതിരായ കുറ്റി. അഞ്ചാം പ്രതി രാധാകൃഷ്ണൻ ഉടുമുണ്ട് അഴിച്ച് മാറ്റുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പ്രോസിക്യൂഷൻ വാദമാണ് അംഗീകരിച്ചത്.
ആറാം പ്രതി അബൂബക്കറും ഏഴാം പ്രതി സിദ്ദീഖും സമാനമായ കുറ്റങ്ങൾ ചെയ്തുവെന്നാണ് കണ്ടെത്തൽ. മധുവിനെ കാട്ടിൽ നിന്ന് കൊണ്ടുവരുന്ന സംഘത്തിൽ ഇരുവരും ഉണ്ടായിരുന്നു. ഇരുവരും മധുവിനെ മർദ്ദിച്ചിരുന്നു. എട്ടാം പ്രതി ഉബൈദും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും, മധുവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഒൻപതാം പ്രതി നജീബും മധുവിനെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. പ്രതികൾ നജീബിന്റെ ജീപ്പിലാണ് പ്രതികൾ മധുവിനെ പിടിക്കാനായി കാട്ടിലേക്ക് പോയത്.
പത്താം പ്രതി ജൈജുമോനാണ് മധുവിന്റെ ഗുഹയിൽ സൂക്ഷിച്ചിരുന്ന അരിച്ചാക്ക് എടുത്ത് വച്ച് നടത്തിക്കുന്നത്. നാല് കിലോമീറ്ററോളം ദൂരം പ്രതികളുടെ ദേഹോപദ്രവം ഏറ്റുകൊണ്ടാണ് മധു നടക്കുന്നത്. പതിനൊന്നാം പ്രതി അബ്ദുൾ കരീമിനേയും കോടതി വെറുതെ വിട്ടിട്ടുണ്ട്. മുക്കാലിയിൽ വച്ച് മധുവിനെ കള്ളാ എന്ന് വിളിച്ചു എന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം. നേരത്തെ ഇയാൾക്കെതിരെ സാക്ഷിമൊഴി ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇയാൾ മൊഴി മാറ്റിയിരുന്നു.
പന്ത്രണ്ടാം പ്രതി സജീവ് മറ്റു പ്രതികൾക്കൊപ്പം കാട്ടിൽ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാൻ സഹായിച്ചു, മധുവിനെ ദോഹോപദ്രവം ഏൽപ്പിച്ചു തുടങ്ങിയ കുറ്റമാണ് കോടതി അംഗീകരിച്ചത്. പതിമൂന്നാം പ്രതി സതീഷും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പന്ത്രണ്ട്, പതിമൂന്ന് പ്രതികൾക്കെതിരെ സമാനമായ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പതിനാലാം പ്രതി ഹരീഷ് വണ്ടിത്താവളത്തിൽ വച്ചാണ് മധുവിനെ പിടിച്ചു കൊണ്ടു വരുന്ന സംഘത്തിൽ ചേരുന്നത്. നടക്കുന്ന വഴിയിൽ ഇയാളുടെ മർദ്ദനവും മധുവിന് ഏൽക്കേണ്ടതായി വന്നു.
പതിനഞ്ചാം പ്രതി ബിജു മധുവിന്റെ മുതുകിൽ ഇടിക്കുകയും, മധുവിന്റെ കയ്യിൽ കെട്ടിയ സിബ്ബിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു. പതിനാറാം പ്രതി മുനീറും മുക്കാലിയിലെത്തിയപ്പോൾ ആൾക്കൂട്ട വിചാരണയുടെ ഭാഗമായിരുന്നു. കാട്ടിലേക്ക് പോയില്ലെങ്കിലും മുക്കാലിയിൽ വച്ച് ഇയാൾ മധുവിനെ അവഹേളിച്ചുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
Discussion about this post