കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയ്ക്ക് സ്റ്റേ നീട്ടി നൽകണമെന്ന എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർനടപടികൾ 20 ദിവസത്തേക്കു കൂടി സ്റ്റേ ചെയ്യണമെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഇത് ദീർഘിപ്പിക്കണമെന്നായിരുന്നു രാജയുടെ ആവശ്യം. എന്നാൽ, സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത് പരിഗണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ഇതോടെ വീണ്ടും സാങ്കേതികമായി എംഎൽഎ അല്ലാതായി.സുപ്രീംകോടതിയുടെ ഇടപെടൽ ഇല്ലെങ്കിൽ നിയമസഭയിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയില്ല.
അതേസമയം സുപ്രീംകോടതിയിൽ എ രാജ അപ്പീൽ ഫയൽ ചെയ്‌തെങ്കിലും ഇതുവരെ പരിഗണനയ്ക്കു വന്നില്ല. അപ്പീൽ ഹർജിയിലെ പിശകുകളാണ് ഇതിന് തടസ്സമെന്നാണ് വിവരം.ജനന, സ്‌കൂൾ സർട്ടിഫിക്കറ്റ് പ്രകാരം താൻ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിൻറെ ഹർജി അംഗീകരിച്ചായിരുന്നു കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്.
Discussion about this post