കാലിഫോർണിയ: ജോൺസൺ ആൻഡ് ജോൺസന്റെ ടാൽകം പൗഡറുകൾ ക്യാൻസറിന് കാരണമാകുമെന്ന പരാതികൾ പരിഹരിക്കുന്നതിനായി 8.9 ബില്യൺ ഡോളർ(73,000 കോടി) നിഷ്ടപരിഹാരം നിർദ്ദേശിച്ച് കമ്പനി. ജോൺസൺ ആന്റ് ജോൺസന്റെ ഉത്പന്നം ഉപയോഗിച്ചതിന് പിന്നാലെ ശാരീരിക പ്രശ്‌നങ്ങൾ അനുഭവപ്പെട്ട് നിരവധി ആളുകൾ കമ്പനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വന്ന എല്ലാ ക്ലെയിമുകളും പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു. പതിനായിരത്തിലധികം ആളുകൾക്കായിരിക്കും ഈ തുക ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത്.
കോടതി കമ്പനിയുടെ നീക്കം അംഗീകരിക്കുകയാണെങ്കിൽ അമേരിക്കയിലെ ഏറ്റവും വലിയ നഷ്ടപരിഹാര വിതരണമായി ഇത് മാറും. അർബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ അംശം അടങ്ങിയ പൗഡറിനെതിരെ ആയിരക്കണക്കിന് കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എന്നാൽ ഈ വാദങ്ങൾ കമ്പനി ഇതുവരെ അംഗീകരിച്ചിട്ടില്ല. 2020 മെയിൽ അമേരിക്കയും കാനഡയും ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ജോൺസൺ ആന്റ് ജോൺസന്റെ ബേബി പൗഡറിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ജെആൻഡ്‌ജെയുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ അണ്ഡാശയ ക്യാൻസറിന് കാരണമായെന്ന ആരോപണത്തിന് നേരത്തെ 2 ബില്യൺ ഡോളർ കമ്പനി നഷ്ടപരിഹാരം നൽകാമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ തങ്ങൾക്കെതിരെ ആളുകൾ ഉന്നയിക്കുന്ന ആരോപണങ്ങൾ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണെന്നാണ് കമ്പനി വാദം. ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന ഒത്തുതീർപ്പ് നിർദ്ദേശം കമ്പനി ഒരു തെറ്റ് ചെയ്തുവെന്നല്ല സൂചിപ്പിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. പൗഡർ സുരക്ഷിതമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു.
Discussion about this post