ഗാംഗ്‌ടോക്ക്: ഹിമപാതം ഉണ്ടായ സിക്കിമിലെ നാഥു ലയിൽ വീണ്ടും മഞ്ഞുവീഴ്ച. ഇതേ തുടർന്ന് പ്രദേശത്തെ രക്ഷാ പ്രവർത്തനം നിർത്തിവച്ചു. പ്രദേശത്തെ കാലാവസ്ഥ ഇപ്പോഴും പ്രതികൂലമായി തുടരുകയാണ്.
ഇന്നലെ വൈകീട്ടോടെയാണ് വീണ്ടും മഞ്ഞുവീഴ്ചയുണ്ടായത്. ഇനിയും നിരവധി പേർ മഞ്ഞിനടിയിൽപ്പെട്ടു കിടക്കുന്നുണ്ടെന്നാണ് സൂചന. ഇവരെ പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങളാണ് പ്രദേശത്ത് പുരോഗമിക്കുന്നത്. ഇതിനിടെ ഗാംഗ്‌ടോക്ക്- നാഥു ലാ റോഡിലാണ് വീണ്ടും ഹിമപാതം ഉണ്ടായത്. ഇതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. ഇതേ തുടർന്നാണ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കാലാവസ്ഥ അനുകൂലമായാൽ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കും.
നിലവിൽ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രക്ഷാ പ്രവർത്തനം തുടരുന്നതോടെ മരണ സംഖ്യ ഇനിയും ഉടരുമെന്ന ആശങ്കയുണ്ട്. സംഭവ സമയം നൂറോളം പേർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇതിൽ കുറച്ച് പേരെ പരിക്കുകൾ ഇല്ലാതെ രക്ഷിക്കാനായി. പരിക്കേറ്റ 20 പേർ പ്രദേശത്തെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് താമംഗ് അറിയിച്ചു.
നാഥു ലയിൽ 15ാം മൈലിലാണ് ഹിമപാതം ഉണ്ടായത്. മഞ്ഞുവീഴ്ചയായതിനാൽ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് 13ാം മൈൽവരെ പ്രവേശിക്കാനെ അനുമതിയുള്ളൂ. വിലക്ക് ലംഘിച്ച് നിരോധിത മേഖലയിലേക്ക് കടന്നാണ് ആൾനാശത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post