ന്യൂഡൽഹി; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടി. അന്വേഷ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
സുപ്രീംകോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്. കോടതി നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഹർജി പിൻവലിച്ചു.
സാധാരണ പൗരനുള്ള അധികാരങ്ങൾ മാത്രമേ രാഷ്ട്രീയ നേതാക്കൾക്കും അവകാശപ്പെടാനുള്ളൂ.ആർക്കെങ്കിലും വ്യക്തിപരമായ പരാതി ഉണ്ടെങ്കിൽ പരിഹരിക്കാനും കേസ് പരിഗണിക്കാനും തയ്യാറാണ്. എന്നാൽ രാഷ്ട്രീയ നേതാക്കൾ വേണ്ടി പൊതുവായ മാനദണ്ഡം വേണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ശബ്ദങ്ങൾക്കുള്ള ഇടം ഇല്ലാതാകുന്നു എങ്കിൽ അതിന്റെ പരിഹാരം കാണേണ്ടത് രാഷ്ട്രീയ ഇടത്തിൽ തന്നെയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം.സെർച്ച്, അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണമെന്നും കോൺഗ്രസ്, സിപിഎം, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് തുടങ്ങി 14 പാർട്ടികൾ സംയുക്തമായി നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു.
Discussion about this post