മലപ്പുറം: പെട്രോളിനും ഡീസലിനും അധികനികുതി ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കെടി ജലീൽ. 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല. 62 ലക്ഷം പാവങ്ങൾക്ക് 1600 രൂപ വെച്ച് മാസം പെൻഷൻ കൊടുക്കാൻ ഉദ്ദേശം 1000 കോടി രൂപ വേണം. വർഷം ഏകദേശം 12000 കോടി. അതിലേക്കാണ് 2 രൂപ വെച്ച് ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും സർക്കാർ സെസ്സ് ഏർപ്പെടുത്തിയത്. അതിനാണ് ചിലരിവിടെ ഹാലിളകിയതെന്ന് ജലീൽ ഫേസ്ബുക്ക് പ്രതികരണത്തിൽ ന്യായീകരിക്കുന്നു.
മനുഷ്യന് ക്ഷേമമുണ്ടായാലേ മറ്റെല്ലാ ജീവജാലങ്ങൾക്കും ക്ഷേമമുണ്ടാകൂ. ഇന്ത്യയിലെന്നല്ല ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയിൽ അഞ്ചിൽ ഒന്നുപേർക്ക് കേരളത്തിൽ ലഭിക്കുന്ന ക്ഷേമ പെൻഷനെന്ന കണ്ടെത്തലും ജലീൽ നടത്തുന്നു.
മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം നൽകുന്നതിൽ ക്ഷേമ പെൻഷൻ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആരെയും ആശ്രയിക്കാതെ അവരുടെ ആരോഗ്യ കാലത്ത് മക്കളെയും കുടുംബത്തെയും പോറ്റിയതിന് സർക്കാർ നൽകുന്ന സമ്മാനമാണെന്നും ജലീൽ പറയുന്നു.
വിഷുവും ചെറിയ പെരുന്നാളും തൊട്ടടുത്ത് വരുന്നതിനാൽ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് നൽകുന്നത്. 62 ലക്ഷം മനുഷ്യരുടെ മുഖത്ത് വിരിയുന്ന ആശ്വാസവും സന്തോഷവും ഇടകലർന്ന ചിരിക്ക് പകരം വെക്കാൻ ലോകത്ത് വേറെയെന്തുണ്ട്? രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ എന്ന് പറഞ്ഞാണ് ജലീൽ പ്രതികരണം അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ബജറ്റിലാണ് ക്ഷേമ പെൻഷൻ നൽകാൻ വേണ്ടി പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം ലിറ്ററിന് അധികനികുതി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്. ജനങ്ങൾക്കിടയിൽ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാൽ പിൻവലിക്കില്ലെന്ന നിർബന്ധ ബുദ്ധിയിലാണ് സർക്കാർ. ബജറ്റ് പ്രാബല്യത്തിൽ വന്ന ഏപ്രിൽ ഒന്ന് മുതൽ വില വർദ്ധന നിലവിൽ വരികയും ചെയ്തു.
മുടങ്ങിക്കിടന്ന രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജലീലിന്റെ ന്യായീകരണം.
Discussion about this post