ബംഗലൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള കന്നഡ നടൻ കിച്ച സുദീപിന്റെ തീരുമാനം തന്നെ ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് നടൻ പ്രകാശ് രാജ്. കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്നുള്ള വാർത്ത വ്യാജമാണ് എന്നായിരുന്നു പ്രകാശ് രാജിന്റെ ആദ്യ പ്രതികരണം. ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് ബിജെപി ആണെന്നും പ്രകാശ് രാജ് ആരോപിച്ചിരുന്നു.
പ്രകാശ് രാജിന്റെ വാക്കുകളോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, അളന്നുകുറിച്ചായിരുന്നു സുദീപിന്റെ മറുപടി. ‘അദ്ദേഹം ഇഷ്ടമുള്ളത്ത് പറഞ്ഞുകൊള്ളട്ടെ, ഞാൻ അത് കാര്യമാക്കുന്നില്ല. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു, അടുത്ത ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു, ഇത്രമാത്രം.‘
പ്രകാശ് രാജിന്റെ അഭിപ്രായം താൻ കാര്യമാക്കുന്നില്ലെന്നും, ഒരു നടൻ എന്ന നിലയിൽ മാത്രമാണ് അദ്ദേഹത്തെ താൻ പരിഗണിക്കുന്നതെന്നും ധ്വനിപ്പിക്കുന്നതായിരുന്നു കിച്ച സുദീപിന്റെ മറുപടി. പ്രകാശ് രാജിന്റെ രാഷ്ട്രീയത്തെ താൻ മുഖവിലക്കെടുക്കുന്നില്ല, തന്റെ നിലപാടിൽ നിന്നും ഒട്ട് പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുമില്ല എന്നാണ് സുദീപിന്റെ മറുപടിയിൽ നിന്നും ആരാധകർ വായിച്ചെടുക്കുന്നത്.
അതേസമയം, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയെങ്കിലും, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കിച്ച സുദീപ് പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും ഇപ്പോൾ ആലോചിക്കുന്നില്ല. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ താൻ ഏറെ ബഹുമാനിക്കുന്ന നേതാവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം കുറ്റമറ്റതാണെന്നും കിച്ച സുദീപ് വ്യക്തമാക്കിയിരുന്നു.
Discussion about this post