കോഴിക്കോട്: ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുമായി അന്വേഷണസംഘം കേരളത്തിലെത്തി. ഇയാളെ ഉടൻ കോഴിക്കോട് എത്തിക്കും. അതേസമയം പ്രതിയെ മതിയായ സുരക്ഷയില്ലാതെയാണ് പോലീസ് സംഘം കേരളത്തിലേക്ക് എത്തിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രതിക്കൊപ്പം മൂന്ന് പോലീസുകാർ മാത്രമാണ് ഉള്ളത്. ഇതിനിടെ പ്രതിയുമായെത്തിയ വാഹനം പഞ്ചറായത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കി. മഹാരാഷ്ട്ര എടിഎസ് കൈമാറിയ പ്രതിയുമായി കേരളത്തിലെത്തിയ ശേഷമാണ് വാഹനം കണ്ണൂരിന് സമീപം പഞ്ചറായത്.
കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് വാഹനം പഞ്ചറായത്. പ്രതിയെ കൊണ്ടു പോകാൻ എത്തിച്ച രണ്ടാമത്തെ വാഹനവും പഞ്ചറായി. പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഒരു മണിക്കൂറോളം സമയമാണ് പ്രതിയുമായി അന്വേഷണസംഘം വഴിയിൽ കിടന്നത്. പിന്നീട് ഷാറൂഖ് സെയ്ഫിയെ മറ്റൊരു കാറിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു.
ഇന്നലെയാണ് മഹാരാഷ്ട്ര എടിഎസ് പ്രതിയെ രത്‌നഗിരിയിൽ നിന്ന് പിടികൂടിയത്. രത്‌നഗിരിയിൽ നിന്ന് അജ്മീറിലേക്ക് പോകാനിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം പ്രതിയുടെ ബന്ധുക്കളിൽ ചിലരും ഡൽഹിയിൽ കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. കോഴിക്കോട് എത്തിച്ച ശേഷം പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.
Discussion about this post