തിരുവനന്തപുരം: ബിജെപി അംഗത്വം സ്വീകരിച്ച അനിൽ ആന്റണിയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
എകെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ മറ്റാരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. അനിൽ പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അനിൽ ആന്റണിക്ക് കാര്യമായ പാർട്ടി ചുമതലകളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പോസ്റ്റൊറൊട്ടിച്ചോ, വെയിലുകൊണ്ടോ മുദ്രാവാക്യം വിളിച്ചോ ഉളള പരിചയവുമില്ല. അത് കൊണ്ട് അനിൽ ആന്റണിയുടെ പാർട്ടി മാറ്റം കേരളത്തിലെ കോൺഗ്രിന് ഒരു വിഷയമേ ആകില്ലെന്നായിരുന്നു സുധാകരന്റെ പരാമർശം.
പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പ് പൊഴിക്കാത്തയാളാണ് അനിൽ. ആന്റണിയുടെ മകനായതിനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് നമ്മൾപോലും പറയുന്നതെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.
മകന്റെയായാലും വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുന്നയാളല്ല എകെ ആന്റണി. അത് കൊണ്ട് അദ്ദേഹത്തെ ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഒരു കുടുംബത്തിൽ തന്നെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവർ ഉണ്ടാകാം. അതിനെ ഇതുമായി ബന്ധപ്പിക്കേണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
Discussion about this post