ശ്രീനഗർ: ഭീകരവാദം നാശത്തിലേക്കുള്ള പാതയാണെന്ന് ജമ്മു കശ്മീരിലെ യുവാക്കൾ തിരിച്ചറിഞ്ഞതായി ഡിജിപി ദിൽബഗ് സിംഗ്. കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. പോലീസിന്റെയും സുരക്ഷാ സേനയുടെയും നിരന്തര പ്രയത്‌നമാണ് കശ്മീരിൽ സമാധാനം പുലരാൻ കാരണമായത് എന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിൽ നിന്നും ഭീകരവാദം പൂർണമായും ഇല്ലാതായി എന്ന് പറയാനാകില്ല. എന്നാൽ വലിയ തോതിൽ കുറഞ്ഞിരിക്കുന്നു. ഇപ്പോഴുള്ള യുവാക്കൾ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നുണ്ട്. ഇവർ മികച്ച ജീവിതം കെട്ടിപ്പടുക്കുന്നതിനായി ജോലികൾ ചെയ്യണം. എരിതീയിൽ എണ്ണയൊഴിച്ച് ജീവിതം തകർക്കാൻ അതിർത്തി കടന്ന് എത്തുന്നവരെ തിരിച്ചറിയണം. കശ്മീരിന്റെ സമാധാനത്തിനായി സംഭാവന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തെക്കാൾ കശ്മീർ ഇന്ന് നേരിടുന്ന പ്രധാനവെല്ലുവിളി ലഹരിയുടെ ഒഴുക്കാണ്. നിയന്ത്രണ രേഖവഴി വൻ തോതിലുള്ള ലഹരിമരുന്നാണ് കശ്മീരിലേക്ക് എത്തിക്കുന്നത്. കശ്മീരിലെ യുവാക്കളെ ലഹരിയ്ക്ക് അടിമയാക്കി ജീവിതം നശിപ്പിക്കുകയാണ് ലഹരി സംഘങ്ങളുടെ ലക്ഷ്യം. ലഹരി സംഘങ്ങളെ ഇല്ലാതാക്കാൻ പോലീസ് നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് ജനങ്ങളും തിരിച്ചറിയണമെന്നും ദിൽബഗ് സിംഗ് പറഞ്ഞു.
Discussion about this post