ആലപ്പുഴ: ജില്ലയിലെ ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് നൽകിയ കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ കാന്റീനിൽ നിന്നും വാങ്ങിയ കഞ്ഞിയിലാണ് പുഴുവുണ്ടായിരുന്നത്.
ഇന്നലെ രാത്രി നൽകിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. 20ഓളം പേരെയാണ് പ്രസവം കഴിഞ്ഞ് വാർഡിലേക്ക് മാറ്റിയത്. ഇതിൽ 18 പേരും ഇക്കാര്യം ശ്രദ്ധിക്കാതെ കഞ്ഞി കുടിച്ചിരുന്നു. ഇതിന് ശേഷം മറ്റൊരാൾ കഞ്ഞി കുടിക്കാൻ എടുത്തപ്പോഴാണ് പുഴുവിനെ കണ്ടത്. ഉടനെ വിവരം ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു.
കഞ്ഞികുടിച്ചവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവരെ നിരീക്ഷിച്ചുവരികയാണ്. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിൽ ഇവരെ ഡിസ്ചാർജ് ചെയ്യും. കുടുംബശ്രീയാണ് കാന്റീൻ നടത്തുന്നത്. കഞ്ഞിയിൽ നിന്നും പുഴുവിനെ ലഭിച്ച വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇവരെത്തി പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
Discussion about this post