തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിൽ വിവാദം. ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരുക്കിയ ഇഫ്ത്താർ വിരുന്നിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുത്തത്. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ ഇരുവരും വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർഎസ് ശശികുമാർ പറഞ്ഞു. മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നൽകിയ വിധി പുറപ്പെടുവിച്ച ഇരുവരും വിരുന്നിൽ പങ്കെടുത്തത്, ഹർജിക്കാരനെന്ന നിലയിൽ തനിക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും ശശികുമാർ പറഞ്ഞു.
ഇരുവരും മുഖ്യമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്തത് ജുഡീഷ്യറിയെ അവഹേളിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നൽകുന്ന വിധിക്ക് നന്ദി സൂചിപ്പിക്കുന്നതിന് സമാനമാണ് ഇരുവരേയും വിരുന്നിൽ ക്ഷണിച്ചത്. ക്ഷണിച്ചാൽ പോലും ഇരുവരും വിരുന്നിൽ നിന്ന് വിട്ട് നിൽക്കണമായിരുന്നുവെന്നും ശശികുമാർ പറയുന്നു. അതേസമയം കേസ് ഫുൾ ബെഞ്ചിന് വിട്ടതിനെതിരെ ശശികുമാർ ലോകായുക്തയിൽ പുന:പരിശോധനാ ഹർജിയും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്ന്. എന്നാൽ വിരുന്നിനെ കുറിച്ചുള്ള സർക്കാറിന്റെ വാർത്താകുറിപ്പിൽ ലോകായുക്തയുടെ പേര് വെച്ചിരുന്നില്ല. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്ക് ആശ്വാസമായ ഭിന്ന വിധി അടുത്തിടെയാണ് ഇരുവരും അടങ്ങിയ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. കേസ് ഈ മാസം 12ാം തിയതി ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി ഇരുവരും മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിലെ ഔചിത്യമാണ് പരാതിക്കാരൻ ചോദ്യം ചെയ്യുന്നത്.
Discussion about this post