കോഴിക്കോട്: എലത്തൂരിൽ തീവണ്ടി യാത്രികരായ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയ്ക്ക് ഭീകര ബന്ധം. പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇതോടെ കേസ് അന്വേഷണം എൻഐഎയ്ക്ക് വിടുമെന്നാണ് സൂചന.
മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഷാറൂഖിനെ ആദ്യം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കേന്ദ്ര ഏജൻസികളും ഇവർക്കൊപ്പം ഷാറൂഖിനെ ചോദ്യം ചെയ്തിരുന്നു. താൻ ആശയങ്ങളിൽ ആകൃഷ്ടനാണെന്നും, പ്രചോദിതനാണെന്നുമാണ് ഷാറൂഖ് നൽകിയിരിക്കുന്ന മൊഴി. ഇത് കേന്ദ്രീകരിച്ച് എൻഐഎയും ഐബിയും നടത്തിയ അന്വേഷണത്തിലാണ് ഭീകര ബന്ധം സ്ഥിരീകരിച്ചത്.
വൻ ആക്രമണം നടത്തി ആളുകളെ ചുട്ടുകൊല്ലുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഒരു ബോഗി പൂർണമായും കത്തിക ലക്ഷ്യമിട്ടാണ് ഇയാൾ തീവണ്ടിയിൽ കയറിയത്. സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന നിഗമനത്തിൽ ഉറച്ച് നിൽക്കുകയാണ് കേന്ദ്ര ഏജൻസികൾ.
ഡൽഹിയിൽ നിന്നും ഒരാൾ കേരളത്തിലേക്ക് വെറുതെയെത്തില്ലെന്ന നിഗമനമായിരുന്നു ആദ്യഘട്ടം മുതലേ കേന്ദ്ര ഏജൻസികൾക്ക് ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഇവർ വിലയിരുത്തിയിരുന്നു. ഈ വിലയിരുത്തൽ ശരിയാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post