തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കന്ററി തലം വരെയുള്ള മൂവായിരത്തോളം സ്വകാര്യ അൺ എയ്ഡഡ് സ്‌കുളുകളേയും അവയുടെ കെട്ടിടങ്ങളേയും പ്രോപ്പർട്ടി ടാക്‌സ് പരിധിയിൽ( കെട്ടിട/വസ്തു നികുതി) ഉൾപ്പെടുത്തി സർക്കാർ. ഇത്തരം കെട്ടിടങ്ങളെ വസ്തുനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ ഉണ്ടായിരുന്നു. ഈ വ്യവസ്ഥകളിലാണ് സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
നിയമങ്ങൾ നേരിട്ട് ഭേദഗതി ചെയ്യാതെ ബജറ്റിന്റെ ഭാഗമായി പാസാക്കിയ ധനകാര്യ ബില്ലിലാണ് ഭേദഗതി വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഈ മാറ്റത്തെ കുറിച്ച് ഭൂരിഭാഗം പേരും അറിഞ്ഞതുമില്ല. കുടിശിക സഹിതം നികുതി അടയ്ക്കണമെന്ന് കാണിച്ച് ഏപ്രിൽ ഒന്ന് മുതൽ പഞ്ചായത്തുകളും നഗരസഭകളും സ്‌കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചതോടെയാണ് പലരും ഇതിനെ കുറിച്ച് അറിയുന്നത് തന്നെ. വലിയതോതിൽ വസ്തുനികുതി അടയ്‌ക്കേണ്ടി വന്നാൽ അതിന്റെ ഭാരം സ്വാഭാവികമായും സ്‌കൂൾ ഫീസിലും പ്രകടമാകും.
കേരള സിലബസിലെ ആയിരത്തി അഞ്ഞൂറിലേറെ വരുന്ന അൺ എയ്ഡഡ് സ്‌കൂളുകൾ, സിബിഎസ്ഇ ,ഐസിഎസ്ഇ സിലബസ് പിന്തുടരുന്ന ആയിരത്തി അഞ്ഞൂറോളം സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകൾ എന്നിവ വസ്തുനികുതിയുടെ പരിധിയിൽ വരും. തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം സിബിഎസ്ഇ സ്‌കൂൾ മാനേജർമാരുടെ സംഘടന തദ്ദേശവകുപ്പ് മന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും മുന്നിൽ വച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല.
സ്‌കൂൾ കെട്ടിടങ്ങളുടെ പഴക്കവും വിസ്തീർണവും കണക്കാക്കിയാകും നികുതി തീരുമാനിക്കുന്നത്. പ്രൈമറി സ്‌കൂൾ കെട്ടിടങ്ങൾ 50,000 രൂപ മുതൽ നികുതി നൽകേണ്ടി വരും. പ്രൈമറി സ്‌കൂൾ കെട്ടിടങ്ങൾ 50,000 രൂപ മുതൽ നികുതി നൽകേണ്ടി വരും. ഏറെ പഴക്കമില്ലാത്ത, മൂന്നോ നാലോ ഡിവിഷനുകളുള്ള പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ ഉള്ള സ്‌കൂളുകൾക്ക് 4 ലക്ഷം രൂപയെങ്കിലും ചുരുങ്ങിയതു നൽകേണ്ടി വരും. സർക്കാർ അഫിലിയേഷൻ വർഷം തോറും പുതുക്കേണ്ടതിനാൽ തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ രേഖകൾ സ്‌കൂളുകൾക്ക് ആവശ്യമാണ്. നികുതി അടയ്ക്കാതിരുന്നാൽ ഇത്തരം നടപടികൾ വൈകിച്ച് സ്‌കൂളുകളെ സമ്മർദ്ദത്തിലാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കും.
Discussion about this post