തലശ്ശേരി: പ്രണയക്കെണിക്കെതിരെ ഈസ്റ്റർ ദിനത്തിൽ ഇടയലേഖനവുമായി തലശ്ശേരി അതിരൂപത. പ്രണയക്കെണിയിൽ കുടുക്കി നമ്മുടെ പെൺമക്കൾക്ക് ചതിക്കുഴികൾ ഒരുക്കുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർദ്ധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുറപ്പെടുവിച്ച ഇടയലേഖനത്തിൽ പറഞ്ഞു. സ്ത്രീധനത്തിനെതിരെയും പിതൃസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം നൽകുന്നതിനെക്കുറിച്ചും പരാമർശിക്കുന്ന ഇടയലേഖനത്തിന്റെ അവസാന ഭാഗത്താണ് പ്രണയക്കെണിയിലെ ആശങ്കയും പങ്കുവെയ്ക്കുന്നത്.
സ്ത്രീയുടെ കണ്ണീരൊപ്പുക എന്നത് ഉത്ഥിതനായ ഈശോയുടെ ആഗ്രഹമാണ് എന്ന സത്യം നാം തിരിച്ചറിയണം. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മക്കളുടെയും കണ്ണുനിറയാതിരിക്കാനുളള കരുതൽ ഉത്ഥാനചിന്തയുടെ ഭാഗമാകട്ടെയെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
തലശ്ശേരി സെന്റ് ജോസഫ് കത്തിഡ്രൽ ദൈവാലയത്തിലാണ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമ്മികത്വത്തിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ നടന്നത്. അതിരൂപതയ്ക്ക് കീഴിലുളള എല്ലാ ഇടവകകളിലും ഇടയലേഖനം വായിച്ചു. നേരത്തെയും പ്രണയക്കെണിക്കെതിരെ ക്രൈസ്തവ പുരോഹിതൻമാർ രംഗത്ത് വന്നിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ക്രൈസ്തവ മതവിശ്വാസികളെ ലക്ഷ്യം വെച്ച് ലൗ, നാർക്കോട്ടിക് ജിഹാദുകൾ നടക്കുന്നുണ്ടെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് വലിയ വിവാദമായിരുന്നു.
ആൺമക്കൾക്ക് എന്നതുപോലെ പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യ അവകാശമുണ്ടെന്ന സുപ്രീംകോടതി വിധി സമുദായം ഇനിയും വേണ്ട രീതിയിൽ ഉൾക്കൊണ്ടിട്ടില്ലെന്ന് ഇടയലേഖനത്തിൽ പറയുന്നു. വിവാഹ സമയത്ത് വിലപേശി വാങ്ങേണ്ട വസ്തുവല്ല സ്ത്രീ. ആൺമക്കളെപ്പോലെ പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പുവരുത്തിയാൽ കല്യാണ സമയത്തെ ആർഭാട ധൂർത്തിന് അറുതി വരുത്താനാകുമെന്നും ഇടയലേഖനത്തിൽ പറയുന്നു. വധുവിന്റെ വീട്ടിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് കല്യാണം ആർഭാടമാക്കാൻ ശ്രമിക്കുന്ന പ്രവണതയും അനഭിലഷണീയമാണെന്ന് ഇടയലേഖനത്തിൽ സൂചിപ്പിക്കുന്നു.
Discussion about this post