മലപ്പുറം: പോസ്റ്റ് ഓഫീസ് വഴിയുള്ള സ്വർണ്ണക്കടത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. സംഭവത്തിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ സംശയിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ അന്വേഷിക്കുന്നത്. തേപ്പു പെട്ടി ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
മലപ്പുറം മുന്നിയൂരിലാണ് ദുബായിൽ നിന്നും പാഴ്സലായി എത്തിയ 6.3 കിലോ സ്വർണ്ണം ഡിആർഐ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ യാസിർ, റനീഷ്, റൗഫ് ,കുന്നമംഗലം സ്വദേശി ജസീൽ, കോഴിക്കോട് സ്വദേശി ഷിഹാബ്, മൂന്നിയൂർ സ്വദേശി ആസ്യ, എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദുബായിൽ നിന്നും മലപ്പുറം മുനിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വർണം അയച്ചത്. തേപ്പുപെട്ടി അടക്കം വിവിധ ഉപകരണങ്ങളുടെ ഇടയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞാണ് സ്വർണം പോസ്റ്റ് ഓഫീസിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ മുനിയൂരിലെത്തുകയും, സ്വർണം വാങ്ങാനെത്തിയ ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സ്വർണവും ഡിആർഐ കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് ഇത് അപൂർവ്വമായിട്ടാണ് പാഴ്സൽ വഴി സ്വർണം കടത്തുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിലേക്ക് സംഘങ്ങൾ തിരിഞ്ഞതെന്നും ഡിആർഐ അറിയിച്ചു.
Discussion about this post