പാലക്കാട്: ഇടുക്കിയിൽ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ജനകീയ സമരങ്ങൾ ഇന്ന് നടക്കും. രാവിലെ 10.30ന് പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് പറമ്പിക്കുളം ഊരുകാർ പങ്കെടുക്കുന്ന മാർച്ച് നടക്കും. മുതലമട പഞ്ചായത്ത് അദ്ധ്യക്ഷ പി.കൽപ്പനാദേവി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പറമ്പിക്കുളത്തെ സമരം.
കെ.ബാബു എംഎൽഎയുടെ നേതൃത്വത്തിൽ മുതലമട കാമ്പ്രത്തുചള്ളയിൽ ഇന്ന് രാവിലെ 10 മണിക്ക് ബഹുജന ധർണ്ണ നടത്തും. നെന്മാറ നിയോജക മണ്ഡലത്തിലെ കൊല്ലങ്കോട്, നെന്മാറ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും വിവിധ പഞ്ചായത്തുകളിൽ നിന്നുമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കർഷകർ ഉൾപ്പെടെ ഉള്ളവർ സമരത്തിൽ പങ്കെടുക്കും. എംഎൽഎ വിളിച്ച് ചേർത്ത സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബഹുജനധർണ്ണ സംഘടിപ്പിക്കുന്നത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വിടാനുള്ള നിർദ്ദേശത്തിനെതിരെ കെ.ബാബു എംഎൽഎ ഹൈക്കോടതിയിൽ റിവ്യു ഹർജി നൽകും. പറമ്പിക്കുളത്തെ ഊരുകൾക്ക് ഭീഷണിയാകുമെന്ന് കാണിച്ച് ആദിവാസി ഊരുമൂപ്പന്മാർ റിവ്യു ഹർജി നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
Discussion about this post