ന്യൂഡൽഹി: ഡൽഹി-ലണ്ടൻ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. വിമാനത്തിലെ യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. സംഭവത്തിൽ വിമാന കമ്പനി ഡൽഹി എയർപോർട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. യാത്രക്കാരനെ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കി.
ഇന്ന് പുലർച്ചെ 6.35നാണ് വിമാനം ലണ്ടനിലേക്ക് യാത്ര തിരിച്ചത്. വിമാനത്തിനുള്ളിൽ വച്ച് ഇയാൾ ജീവനക്കാരുമായി വഴക്കിട്ടതോടെയാണ് വിമാനം തിരിച്ചിറക്കിയത്. അക്രമാസക്തനായ ഇയാൾ രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പിന്നാലെ 9.40ന് വിമാനം ഡൽഹിയിൽ തിരിച്ച് ലാൻഡ് ചെയ്തു.
255 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വിമാനം ലണ്ടനിലേക്ക് പോകുമെന്ന് എയർഇന്ത്യ അധികൃതർ വ്യക്തമാക്കി.
Discussion about this post