തിരുവനന്തപുരം: ദുരിതാശ്വാസ നിധി കേസിൽ പരാതിക്കാരനായ ആർ.എസ്.ശശികുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും. പരാതിക്കാരന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പരാതിക്കാരൻ സംസാരിക്കുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെ പരാതിക്കാരൻ പറയുന്നു. എന്തോ കരുതിക്കൂട്ടിയാണ് പരാതിക്കാരൻ സംസാരിക്കുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി.
വിശ്വാസമില്ലെങ്കിൽ കേസ് എന്തിനാണ് ഇവിടെ പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ആൾക്കൂട്ട അധിക്ഷേപമാണ് നടത്തുന്നത്. ഒരു കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ വായിൽ കോലിട്ട് കുത്താതെ മാറി പോകുന്നതാണ് നല്ലത്. അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ലോകായുക്ത പറഞ്ഞു.
അതേസമയം റിവ്യു ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. പരാതിക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നാളെ ഉച്ചയ്ക്ക് ശേഷം ഫുൾ ബെഞ്ച് കേസ് പരിഗണിക്കും. ഡിവിഷൻ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുൾ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിവ്യൂ ഡിവിഷൻ ബെഞ്ച് കേൾക്കുമെന്ന് കോടതി പറഞ്ഞു. കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്ന് പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു.
Discussion about this post