ജയ്പൂർ:രാജസ്ഥാനിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവ്വീസിന് നാളെ തുടക്കം. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യുക. ഡൽഹിയിൽ നിന്നും ജയ്പൂരുവഴി അജ്‌മേറിലേക്കാണ് സർവ്വീസ്.
രാവിലെ 10 മണിയോടെയാണ് ഉദ്ഘാടനം. ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ വെർച്വലിയാണ് ട്രെയിൻ സർവ്വീസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക. ഇതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കുകൊള്ളുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് സർവ്വീസ് ആരംഭിക്കുന്ന 14ാമത് വന്ദേഭാരത് ട്രെയിനാണ് ഇത്. ഉദ്ഘാടനത്തിന് ശേഷം വ്യാഴാഴ്ച മുതലാകും ദിവസേനയുള്ള സർവ്വീസ് ആരംഭിക്കുക. രാജസ്ഥാനിൽ വന്ദേഭാരതിന് മൂന്ന് സ്റ്റോപ്പുകളാണ് ഉള്ളത്. ജയ്പൂർ, ആൽവാർ, ഗുർഗാവ് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകൾ ഉള്ളത്. ട്രെയിൻ സർവ്വീസ് ആരംഭിച്ചാൽ അജ്‌മേറിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാ ദൂരം അഞ്ച് മണിക്കൂറും 15 മിനിറ്റുമായി കുറയും. ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഏറ്റവും വേഗമേറിയ തീവണ്ടിയായ ശതാബ്ദി എക്‌സ്പ്രസിന് യാത്ര പൂർത്തിയാക്കാൻ ആറ് മണിക്കൂർ 16 മിനിറ്റ് വേണം. യാത്രാസമയം കുറയുന്നത് ഈ റൂട്ടിൽ കൂടുതൽ യാത്രികരെ ലഭിക്കാൻ കാരണമാകും.
അതേസമയം ഈ മാസം സർവ്വീസ് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് കൂടിയാണ് അജ്‌മേർ- ജയ്പൂർ- ഡൽഹി വന്ദേഭാരത് എക്‌സ്പ്രസ്. ഈ മാസം എട്ടിന് ചെന്നൈ- കോയമ്പത്തൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചിരുന്നു.
Discussion about this post