മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ 16 കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി കുട്ടിയെ ആസാദ് മൈതാൻ പോലീസിന് കൈമാറി.
ഊർജ്ജിത അന്വേഷണത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. താനെയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. മുംബൈ പോലീസിലെ സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞത്.
ഇന്നലെയാണ് മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് കുട്ടിയുടെ ഫോൺ കോൾ എത്തിയത്. ഈ മാസം 30 നുള്ളിൽ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു കുട്ടിയുടെ ഭീഷണി. തൊട്ട് പിന്നാലെ ഉദ്യോഗസ്ഥർ കുട്ടി വിളിച്ച നമ്പർ കേന്ദ്രീകരിച്ച് പരിശോധന നടത്തി. താനെയിലെ ഷഹർപൂരിൽ നിന്നാണ് കുട്ടി വിളിച്ചത് എന്ന് വ്യക്തമായി. ഇതോടെ പോലീസ് സ്ഥലത്ത് എത്തി കുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അതേസമയം അടുത്തിടെയായി സൽമാൻ ഖാന് നേരെ ഭീഷണി സന്ദേശങ്ങൾ വർദ്ധിക്കുകയാണ്. അടുത്തിടെ അദ്ദേഹത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും ഭീഷണിയുണ്ടായത്.
Discussion about this post