ന്യൂഡൽഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ഇക്കുറി കാലവർഷക്കാലത്ത് സാധാരണ ഗതിയിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിത മഴയുടെ 96 ശതമാനവും ഇത്തവണ രാജ്യത്ത് കൃത്യമായി ലഭിക്കുമെന്നും ഇത് കർഷകർക്ക് ഗുണകരമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
മൺസൂൺ കാലത്ത് എൽ നിനോ പ്രതിഭാസം തുടരാനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ് മാസം മുതലായിരിക്കും ഇതിന്റെ പ്രഭാവം കണ്ട് തുടങ്ങുക. എന്നാൽ, മഴയൂടെ ലഭ്യതയെ ഇത് കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു.
എൽ നിനോ കാലത്ത് അന്തരീക്ഷ താപനില ഉയരുമെങ്കിലും മഴ കുറയണമെന്നില്ല. 1950 മുതൽ 2022 വരെയുള്ള കാലത്ത് മിക്ക വർഷങ്ങളിലും എൽ നിനോയുടെ സ്വാധീനം ഉണ്ടായിരുന്നു. ഈ കാലയളവിൽ, 40 ശതമാനം മൺസൂൺ കാലങ്ങളിലും സ്വാഭാവിക മഴയോ അതിലും ഉയർന്ന തോതിലുള്ള മഴയോ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ഇക്കുറി കാലവർഷക്കാലത്ത് നല്ല തോതിൽ മഴ ലഭിക്കും. മൺസൂൺ കാലത്ത് സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വടക്കൻ കേരളത്തിൽ മഴ കുറയുമെങ്കിലും തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഇത്തവണ സംസ്ഥാനത്ത് പ്രളയസാധ്യത ഇല്ലെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രാഥമിക മഴ പ്രവചനത്തിൽ പറയുന്നു.
Discussion about this post