ബലികുടീരങ്ങളേ..സ്മരണകളിരമ്പും രണ സ്മാരകങ്ങളേ…ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ.
ഓരോ കേരളീയനും ചുവപ്പിന്റെ പശ്ചാത്തലത്തിൽ മാത്രം കണ്ടിരുന്ന, കേട്ടിരുന്ന ഈ വരികൾ കുറച്ചുനാളായി കമ്യൂണിസ്റ്റുകൾ ഉപയോഗിക്കുന്നില്ലത്രേ. യുഗങ്ങൾ നീന്തിനടക്കുന്ന ഗംഗയിൽ താമരമുകുളങ്ങൾ വിരിഞ്ഞെന്ന വരി അവരെ അത്രയ്ക്ക് അലോസരപ്പെടുത്തുന്നുണ്ടത്രേ.
കാലനീതിയാണത്. കാവ്യനീതിയാണത്.
പലപ്പോഴും കവിതകൾ ശ്രദ്ധാപൂർവമായ ഒരുപ്രയത്നത്തിന്റെ ഫലമായി ഉണ്ടാക്കപ്പെടുന്നതല്ല. സ്വാഭാവികമായി, ഒരു റേഡിയോ ട്യൂൺ ചെയ്യുമ്പോൾ എവിടെനിന്നോ ശബ്ദം ഒഴുകി വരുമ്പോലെ ഒരു കവിയിലൂടെ കാലത്തിന്റെ വരികൾ ഒഴുകിവന്നേക്കാം. കാലത്തിനപ്പുറത്തുനിന്നെങ്കിലങ്ങനെ ലോകങ്ങൾക്കപ്പുറത്തുനിന്നെങ്കിലങ്ങനെ… വയലാറിന് അത്തരത്തിൽ സംഭവിച്ച വരികളാണത്.
നമ്മളെല്ലാം കരുതുന്നതുമാതിരി കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചരണത്തിനായി ഉണ്ടാക്കിയതല്ല ആ ഗാനം.
ആ ഗാനം 1857ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ധീരദേശാഭിമാനികളുടെ സ്മരണയ്ക്കായി എഴുതിയതാണ്. ഝാൻസിയിലെ മണികർണ്ണികാദേവിയും താന്തിയോതോപ്പിയും മംഗൽ പാണ്ഡേയും ഒക്കെയടങ്ങുന്ന ധീരദേശാഭിമാനികൾക്കായാണ് വയലാർ ആ ഗാനമെഴുതിയത്.
1857ലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ 100 ആം വാർഷികം 1957 ൽ തിരുവനന്തപുരത്ത് ആചരിച്ചു. 1857ലെ ധീരദേശാഭിമാനികളുടെ സ്മാരകമായി പാളയം രക്തസാക്ഷിമണ്ഡപം ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥി രാഷ്ട്രപതി തന്നെയായിരുന്നു.
അന്ന് രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ മുൻപിൽ ഉത്ഘാടന ഗാനമായി പാടാൻ എഴുതിയതാണ് ബലികുടീരങ്ങളേ എന്ന ഗാനം.
(അതെ, പാളയം രക്തസാക്ഷിമണ്ഡപം 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ധീരദേശാഭിമാനികൾക്കായി ഉണ്ടാക്കിയതാണ്. വീര സവർക്കർ പുസ്തകമെഴുതി ലോകം അറിഞ്ഞ ഒന്നാം സ്വാതന്ത്ര്യ സമരം. അവന്മാർ പുച്ഛിയ്ക്കുന്നത് പോലെ പന്നിയുടേയും പശുവിന്റേയും കൊഴുപ്പ് കടലാസ് കടിച്ചുകീറാൻ വയ്യാഞ്ഞ് ശിപായിമാർ നടത്തിയ “ശിപായിലഹള“യുടെ ഓർമ്മയ്ക്ക് ഉണ്ടാക്കിയതാണ് പാളയം രക്തസാക്ഷി മണ്ഡപം. അതിൻ്റെ ഉത്ഘാടനത്തിന് എഴുതിയ ഗാനമാണ് ബലികുടീരങ്ങളേ എന്നത്.)
എന്തായാലും അന്ന് രാഷ്ട്രപതിയുടെ മുന്നിൽ പാടിയപ്പോൾ അതിൽ ചെങ്കൊടി എന്ന വാക്ക് ഇല്ലായിരുന്നു. പകരം പൊൻകൊടി എന്നായിരുന്നു ഉണ്ടായിരുന്നത്. എന്താണാ പൊൻകൊടി എന്നറിയാമോ? ഝാൻസി റാണിയായ മണികർണ്ണികാ ദേവിയുടെ ചിത്രത്തിൽ ഹനുമാൻസ്വാമിയുടെ ചിഹ്നം പതിച്ച പൊൻകൊടി നോക്കിയാൽ മതി. 1857ലെ യുദ്ധങ്ങളുടെ നെടുനായകത്വം വഹിച്ചത് ആ കാവി പതാകയായിരുന്നു. അതാണ് യഥാർത്ഥ വരിയിലെ പൊൻ കൊടി .
നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ പൊൻകൊടി നേടി
എന്നാണ് വരികൾ. അതായത് നിങ്ങൾ 1857 ൽ ബ്രിട്ടീഷുകാർക്കെതിരേ നയിച്ച സമരാങ്കണ ഭൂമിയിൽ നിന്ന് ഏറ്റെടുത്ത കവചങ്ങളുമായി നിങ്ങളുടെ പൊൻ കൊടിയും എന്തി ഞങ്ങളിതാ മലനാട്ടിലെ മണ്ണിലേക്ക് വരുന്നു…. അതാണ് യഥാർത്ഥ വരികൾ.
കേ പി എ സീ ഗായകസംഘം തന്നെയാണ് അന്ന് ആ പാട്ട് പാടിയത്. പിന്നീട് ആ പാട്ടെടുത്ത് പൊൻകൊടി മാറ്റി ചെങ്കൊടി എന്ന് ചേർത്ത് കെ പി എ സി നാടകങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. വയലാർ ഒക്കെ അറിഞ്ഞു തന്നെയാവണം.. എന്നാലും ആ വരികളോട് അൽപ്പം പോലും നീതിപുലർത്തുന്നതിനല്ല അതുപയോഗിച്ചത്. 1857ലെ സമരാങ്കണ ഭൂവിൽ നിന്ന് എന്തായാലും ചെങ്കൊടി കിട്ടില്ലല്ലോ.
പിന്നീട് പൊൻകൊടിയെന്ന വാക്ക് പോലും ആരും കേൾക്കാതെയായി. ചെങ്കൊടിത്തരങ്ങളുടെ വഞ്ചനാഗാനമായി അത് അവതരിപ്പിക്കപ്പെട്ടു.
പുന്നപ്രയിലും വയലാറിലും അടയ്ക്കാമരത്തിന്റെ ചീളു കൊണ്ട് കുന്തവുമുണ്ടാക്കിക്കൊടുത്ത് പോലീസ് വെടിവയ്ക്കുമ്പോൾ പോലീസിനു നേരേ ഇതുമായി ഓടിച്ചെന്നാൽ മതി അവർ തിരിഞ്ഞോടും എന്ന് പറഞ്ഞ് ആ നാട്ടിലെ ദരിദ്രരായ, പട്ടിണിപ്പാവങ്ങളായ മനുഷ്യരെ പറഞ്ഞുപറ്റിച്ച് കൊന്നതിന്റെ രക്തസാക്ഷിത്വമായി ആ വരികൾ നമ്മൾ വിചാരിച്ചു. പക്ഷേ ആ വരികളിലെ അർത്ഥവും അതുമായൊക്കെ എന്ത് ബന്ധമെന്ന് ആരും ചിന്തിച്ചതേയില്ല.
ആ വരികളിൽ നിറയെ ദേശാഭിമാനമാണ് സ്ഫുരിക്കുന്നത്. കപടതയുടെ കമ്യൂണിസമല്ല. ഭാരതത്തെ ഇരുപത്തിയഞ്ച് ദേശീയതകളായി വിഭജിക്കണമെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകൾക്കെവിടെനിന്നാണ് ഇന്ത്യയുടെ ഭൂപടം നിവർന്ന് നിന്ന് തുടലൂരിയെറിഞ്ഞെന്ന് പാടാൻ കഴിയുന്നത്?
നേതാജി സുഭാഷ് ചന്ദ്രബോസിനെതിരേ നിലകൊണ്ട, ധീരദേശാഭിമാനികളെ ബ്രിട്ടീഷ് സർക്കാരിനു ഒറ്റുകൊടുത്ത കമ്യൂണിസ്റ്റുകൾ എങ്ങനെയാണ് ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂച്ചെണ്ടുകൾ പുതിയ പൌരനുണർന്നു എന്ന് പാടാനാകുന്നത്?
ഭാരതീയ സംസ്കാരത്തേയും പൌരാണികതയേയും നിരന്തരം അപമാനിയ്ക്കുന്ന, അധിക്ഷേപിയ്ക്കുന്ന, ചവുട്ടിയരയ്ക്കുന്ന, കമ്യൂണിസ്റ്റുകാരനെവിടെനിന്നാണ് നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ നിങ്ങളിൽ തുടിയ്ക്കുന്നെന്ന് പാടാനാകുന്നത്?
ഭാരതത്തിന്റെ ”ബൂർഷ്വാ” ചരിത്രം തകർത്തെറിഞ്ഞ് പുത്തൻ സർവാധിപത്യം സ്ഥാപിക്കാൻ നടക്കുന്ന കമ്യൂണിസ്റ്റുകാരനെങ്ങനെയാണ് തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ കൊളുത്തിയതിനെപ്പറ്റി പാടുന്നത്?
നിങ്ങളിന്നുവരെ ശ്രദ്ധിച്ചിട്ടില്ലേ? ആ വരികളിൽ നിറയെ കമ്യൂണിസ്റ്റുകാർക്കെതിരേ, അവർ ഭാരതത്തെ എന്തായാണോ കാണുന്നത് ആ സങ്കൽപ്പങ്ങൾക്കെല്ലാമെതിരേയാണ് പാടുന്നത്!!! ഗംഗയും താമരയും മാത്രമല്ല അവർക്ക് പേടിയാകേണ്ട വരികൾ.
അവനവന്റേതല്ലാത്ത എന്തെടുത്തുപയോഗിച്ചാലും കുറേ നാളൊക്കെ ജനങ്ങളെ പറ്റിക്കാം. പക്ഷേ അത് പിന്നീടൊരിയ്ക്കൽ തിരിഞ്ഞുകുത്തും. അതുകൊണ്ടാണ് ആ വരികൾ ഇന്ന് ഇത്രയേറെ അവന്മാരെ പേടിപ്പിക്കുന്നത്.
ഇനി ആ വരികൾ ഒന്ന് കേട്ടുനോക്കൂ. ചെങ്കൊടിയെന്ന കൂട്ടിച്ചേർക്കലായല്ല, അന്ന് 1957ൽ ഡോക്ടർ രാജേന്ദ്രപ്രസാദിനു മുന്നിൽ പാടിയ വരികൾ… പൊൻകൊടി എന്ന് വച്ച് തന്നെ.
ശരിയല്ലേ… ഹിമഗിരിമുടികൾ ഉയർത്തിയ കൊടികൾ നമ്മളല്ലേ കൈയ്യിലേന്തിയത്?
ശരിയല്ലേ… ഗംഗയിലെ താമരമുകുളങ്ങൾ നമ്മുടെ ഹൃദയങ്ങളിലല്ലേ വിരിഞ്ഞത്?
ഒരൊറ്റ, ഭൂപടമായി നിവർന്ന് നിന്ന ഇന്ത്യയിൽ ജീവിതങ്ങൾ തുടലൂരിയെറിഞ്ഞത് ഭാരതത്തെ അമ്മയായിക്കണ്ട ധീരദേശാഭിമാനികളുടെ ത്യാഗത്താലല്ലേ?
ഭാരതം സ്വതന്ത്രയായ ദിവസം കരിദിനമായി ആചരിച്ചവർ, അതിനെ ഇരുപത്തഞ്ചായി മുറിക്കാൻ നിന്നവർക്കെങ്ങനെയാണ് ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂച്ചെണ്ടുകൾ പുതിയ പൗരനുണർന്നുവെന്ന് പാടാനാകുക?
നമ്മളിലാണ് നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ തുടിയ്ക്കുന്നത്. നമ്മൾ ആരാധിയ്ക്കുന്ന ധീരദേശാഭിമാനികൾ നിന്ന സമരാങ്കണഭൂവിൽ നിന്നാണിന്നീ മലനാട്ടിലെ മണ്ണിൽ പൊൻകൊടിയുമേന്തി നാമെത്തുന്നത്..
മണികർണ്ണിക പിടഞ്ഞുവീണ മണ്ണിൽ, മംഗല്പാണ്ഡേയുടെ രക്തം ചൊരിഞ്ഞ മണ്ണിൽ ഭാരതഭൂമിയുടെ വിശുദ്ധിയെപ്പറ്റി പുണ്യത്തെപ്പറ്റി അറിയാവുന്നവർ ആ പൊൻകൊടിയുമേന്തി വരുമ്പോൾ ഗംഗയിൽ നിറയെ താമരമുകുളങ്ങൾ വിരിയും. കാലവും ചരിത്രവും സാക്ഷിനിൽക്കും.
ഇന്ന് നരേന്ദ്ര ദാമോദർദാസ് മോദി എന്ന ഭാരതപൗരൻ ഗംഗാ മാതാവിന്റെ ഹൃദയത്തിൽ ആ കൈത്തിരിയാൽ ആരതിയുഴിഞ്ഞു.
ആർഷഭാരതസംസ്കൃതിയുടെ ഗാംഭീര്യത്തിന്റെ, പൌരാണികതയുടെ, നൂറ്റാണ്ടുകളുടെ ഹൃദയങ്ങളുടെ വെളിച്ചമായ ആ കൈത്തിരിനാളം അവിടെ നിറഞ്ഞുകത്തുമ്പോൾ ഈ മലനാടിന്റെ മണ്ണും അധിനിവേശത്തിന്റേയും വൈദേശികതയുടേയും പാരതന്ത്യത്തിന്റെ തുടലുകൾ പൊട്ടിച്ചെറിഞ്ഞ് പൊൻകൊടിയുമേന്തിത്തന്നെ ഭാരത മാതാവ് ജയിയ്ക്കട്ടേയെന്ന് ആർത്തുവിളിയ്ക്കും.
ബലികുടീരങ്ങളേ എന്ന് വയലാർ എഴുതിയത് ഭാരത മാതാവിനായി ധീര ബലിദാനം നടത്തിയവരെ ഓർത്താണ്. കാലങ്ങൾ കഴിഞ്ഞ് പൊൻ കൊടി എന്ന വാക്ക് ചെങ്കൊടിയാക്കിയാൽ ആ മനോഹര ഗണഗീതത്തിലെ ബാക്കി വരികളുടെ അർത്ഥം മായ്ക്കാനാകില്ലല്ലോ. ബലികുടീരങ്ങളേ എന്ന ഗാനം സംഘ ശാഖകളിലാണ് പടേണ്ടത്. കാരണം അത് പാടുന്നത് മാതൃഭൂമിയായ അമ്മ ഭാരതത്തെപ്പറ്റിയാണ്. റഷ്യയേയോ ചൈനയേയോ വടക്കൻ കൊറിയയേയോ പറ്റിയല്ല. ആ ഗാനം കേട്ടാൽ കമ്യൂണിസ്റ്റുകൾക്ക് അസ്വസ്ഥതയുണ്ടാകും. ദേശീയതയെന്നത് അവർക്ക് അത്രത്തോളം വിരോധമാണ്.
അത്രത്തോളം പ്രവചനാത്മകമായാണ് ഗംഗയിൽ നിറയെ താമര മുകുളങ്ങൾ വിരിയുമെന്നത് വയലാറെന്നെ ക്രാന്തദർശി എഴുതിയിരിക്കുന്നത്.
Discussion about this post