തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. ഉഷ്ണതരംഗ സമാനമായ സാഹചര്യമാണ് താപനില ഉയരാൻ കാരണം. മിക്ക സ്ഥലങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളേയും മലയോര മേഖലകളേയും അപേക്ഷിച്ച് ഇടനാട്ടിലായിരിക്കും ചൂട് കൂടുതൽ. അൾട്രാവികിരണ തോത് അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയത്. പാലക്കാട്, കണ്ണൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് താപനില 40ന് മുകളിൽ പോയത്. പാലക്കാട് എരിമയൂരിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 44.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടെ ചൂട്. ഇടുക്കി തൊടുപുഴയിൽ 41.7 ഡിഗ്രി സെൽഷ്യസും കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം, മലമ്പുഴ ഡാം, കൊല്ലങ്കോട്, പോത്തുണ്ടി ഡാം, മംഗലം ഡാം, പീച്ചി, എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം എന്നിവിടങ്ങളിലും ചൂട് 40ന് മുകളിൽ കടന്നു.
ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണ് താപനില ഉയർത്തുന്നത്. അടുത്തയാഴ്ച വരെ താപനില ഇതു പോലെ തുടരുമെന്നാണ് മുന്നറിയിപ്പ്.
Discussion about this post