വാഷിംഗ്ടൺ: ചൈനയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരൻ മാർക്ക് സ്വിഡാന്റെ വധശിക്ഷ ശരിവെച്ച് ചൈനീസ് കോടതി. സ്വിഡാന്റെ വധശിക്ഷ മരവിപ്പിച്ച നടപടി കോടതി റദ്ദാക്കി.
ചൈനീസ് കോടതിയുടെ നടപടി നിരാശാജനകമാണെന്ന് അമേരിക്ക പ്രതികരിച്ചു. ശിക്ഷകൾ റദ്ദാക്കി സ്വിഡാനെ എത്രയും വേഗം മോചിപ്പിക്കണം. അല്ലാത്ത പക്ഷം ആർക്കും ഗുണകരമല്ലാത്ത തീരുമാനങ്ങൾ പല കോണുകളിലും നിന്നും ഉണ്ടായേക്കാമെന്ന് അമേരിക്ക ചൈനക്ക് മുന്നറിയിപ്പ് നൽകി.
സ്വിഡാന്റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ ഉപവക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. യഥാസമയം വിവരങ്ങൾ കൈമാറാൻ സ്വിഡാന് പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നതായി അമേരിക്ക മനസിലാക്കുന്നു. ഇക്കാര്യങ്ങൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയാണെന്നും വേദാന്ത് പട്ടേൽ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സെക്രട്ടറി ആന്റണി ബ്ലിങ്കനും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. മാർക്ക് സ്വിഡാനെ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അനധികൃതമായി തടവിൽ കഴിയുന്ന മുഴുവൻ അമേരിക്കൻ പൗരന്മാരെയും എത്രയും വേഗം മോചിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അമേരിക്കൻ പ്രതിനിധി വ്യക്തമാക്കി.
2020ലാണ് സ്വിഡാൻ ചൈനയിൽ തടവിലാക്കപ്പെടുന്നത്. തുടർന്ന് വിധിക്കപ്പെട്ട വധശിക്ഷക്ക് അപ്പീലുകളിന്മേൽ രണ്ട് വർഷത്തെ ഇടക്കാല സ്റ്റേ അനുവദിക്കപ്പെട്ടിരുന്നു. ഈ സ്റ്റേയാണ് കഴിഞ്ഞ ദിവസം ജിയാംഗ്മെൻ കോടതി നീക്കിയത്.
Discussion about this post